TOP NEWS| സാമ്പത്തിക പ്രതിസന്ധി:ചിലവ് ചുരുക്കൽ പ്രഖ്യാപിച്ച് കേന്ദ്രം;ജീവനക്കാരുടെ അലവൻസും പാരിതോഷികവും വെട്ടികുറയ്ക്കും
ദില്ലി: സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചിലവ് ചുരുക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ജീവനക്കാരുടെ ഓവര്‍ടൈം അലവൻസും പാരിതോഷികങ്ങളും വെട്ടിക്കുറക്കും. കൊവിഡ് പ്രതിരോധ സാമഗ്രികൾക്ക് നികുതി ഇളവ് പ്രഖ്യാപിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിൽ ജിഎസ്ടി കൗണ്‍സിൽ യോഗം ഇന്ന് തീരുമാനമെടുക്കും. നഷ്ടപരിഹാര കുടിശ്ശിക വേഗം നൽകണമെന്ന് കേരളം ആവശ്യപ്പെടും.
റവന്യു വരുമാനത്തിലെ ഇടിവും സാമൂഹിക ക്ഷേമ പദ്ധതികൾക്ക് കൂടുതൽ തുക നീക്കിവെക്കേണ്ട സാഹചര്യത്തിലും സാമ്പത്തിക വിനിയോഗത്തിൽ 20 ശതമാനത്തിന്‍റേയെങ്കിലും കുറവ് വരുത്താനാണ് ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. അനാവശ്യ ചിലവുകൾ ഒഴിവാക്കണം. ഓവര്‍ടൈം അലവൻസുകളും പാരിതോഷികങ്ങളും വെട്ടികുറക്കും. ഓഫീസുകൾ പുതുക്കലും പാടില്ല. അത്യാവശ്യമല്ലാത്ത പദ്ധതികൾക്കുള്ള ധനവിനിയോഗത്തിലും കുറവ് വരുത്തും.