TOP NEWS| കേരളം വാക്‌സിന്‍ വീടുകളിലെത്തിക്കുന്നു; ആ മാതൃക നടപ്പാക്കാന്‍ തടസ്സമെന്തെന്ന് കേന്ദ്രത്തോട് കോടതി
മുംബൈ: വീടുകളിലെത്തിച്ച് വാക്സിൻ നൽകുന്നതിന് എന്താണ് തടസ്സമെന്ന് കേന്ദ്ര സർക്കാരിനോട് ബോംബെ ഹൈക്കോടതി. കേരളവും ജമ്മു കശ്മീരും ഇത് വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും പിന്നെന്താണ് മറ്റു സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കാൻ തടസ്സമെന്നും കോടതി ചോദിച്ചു. വാക്സിൻ വീടുകളിൽ എത്തിച്ച് നൽകുന്നത് സാധ്യമായ കാര്യമല്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനെ വിമർശിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
75 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരൻമാർക്കും കിടപ്പുരോഗികൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വാക്സിൻ വീട്ടിലെത്തിച്ച് നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി കേന്ദ്രത്തോട് ചോദ്യങ്ങൾ ഉന്നയിച്ചത്. കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയത്തിൽ വാക്സിൻ വീടുകളിലെത്തിക്കുക എന്നത് നിലവിൽ സാധ്യമല്ല എന്ന് വ്യക്തമാക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.