TOP NEWS| ഗര്‍ഭഛിദ്ര അനുകൂലികള്‍ സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിനിടയില്‍ ധീരതയോടെ പ്രതിരോധം തീര്‍ത്ത് വൈദികര്‍: അഭിനന്ദനവുമായി സൈബര്‍ ലോകം

0

 

ബ്രൂക്ക്ലിന്‍: പരിശുദ്ധ കന്യകാമാതാവിന്റെ വിമലഹൃദയ തിരുനാള്‍ ദിനമായ ഇന്നലെ (ജൂണ്‍ 12) ഗര്‍ഭഛിദ്ര ക്രൂരതക്കെതിരെ വൈദികരുടെയും വിശ്വാസികളുടെ വീരോചിതമായ പ്രതിരോധത്തിനു സാക്ഷ്യം വഹിച്ച് ബ്രൂക്ലിന്‍ അതിരൂപതയിലെ പുരാതന ദേവാലയമായ സെന്റ്‌ പോള്‍സ് കത്തോലിക്ക ദേവാലയം. ഭ്രൂണഹത്യയ്ക്കിരയായ കുരുന്നുകള്‍ക്കും, ഭ്രൂണഹത്യ ബാധിക്കപ്പെട്ടവര്‍ക്കും വേണ്ടി അര്‍പ്പിച്ച പ്രത്യേക കുര്‍ബാനയ്ക്കിടെ അബോര്‍ഷന്‍ അനുകൂലികള്‍ ദേവാലയത്തിന് പുറത്ത് തടിച്ചുകൂടി ബലിയര്‍പ്പണം തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരിന്നു. “ഈ ദേവാലയം സ്ത്രീകളെ അപമാനിക്കുന്നു” എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു ഗര്‍ഭഛിദ്ര അനുകൂലികള്‍ രംഗത്തു വന്നത്.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ദേവാലയത്തിന് പുറത്തിറങ്ങിയ വൈദികരും വിശ്വാസികളും അബോര്‍ഷന്‍ അനുകൂലികളുടെ പരിഹാസങ്ങളും, അട്ടഹാസങ്ങളും പ്രകോപനങ്ങളും നേരിടേണ്ടി വന്നെങ്കിലും ഇതൊന്നും വകവെയ്ക്കാതെ സംയമനം പാലിച്ചു കൊണ്ടായിരുന്നു ജീവനുവേണ്ടിയുള്ള പ്രാർത്ഥനാറാലിയിൽ അണിനിരന്നത്. ഫ്രാന്‍സിസ്കന്‍ സഭാംഗമായ ഒരു വൈദികനും ബ്രൂക്ലിന്‍ അതിരൂപതയില്‍ നിന്നുള്ള മറ്റൊരു പുരോഹിതനുമാണ് റാലിക്കു നേതൃത്വം നല്‍കിയത്. അബോര്‍ഷന്‍ അനുകൂലികളുടെ പ്രകോപനങ്ങളും, പ്രകടനം തടസ്സപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും വകവെക്കാതെ ആറ് ബ്ലോക്കുകള്‍ താണ്ടി ഒരു മണിക്കൂറെടുത്താണ് റാലി അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നിലെത്തിയത്.

You might also like