പീഡിത ക്രൈസ്തവർക്കായി പ്രാർത്ഥനാദിനം ആചരിച്ച് ചിലി
സാന്‍റിയാഗോ: തെക്കേ അമേരിക്കൻ വൻകരയിലെ തീരദേശ രാജ്യമായ ചിലി, പീഡിതരായ ക്രൈസ്തവരെ പ്രത്യേകം അനുസ്മരിച്ച് ജൂൺ 13 പ്രാർത്ഥനാഞായറായി ആചരിച്ചു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡും ചിലിയിലെ മെത്രാൻ സമിതിയും ചേർന്നാണ് നേരത്തെ പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനം നല്‍കിയത്. പ്രാർത്ഥനാഞായറിൽ ലോകം മുഴുവനിലും മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടുള്ള ജനതകളെയും അതിൽ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗമായ ക്രൈസ്തവ സമൂഹത്തെയും അനുസ്മരിച്ചു പ്രത്യേക പ്രാര്‍ത്ഥന നടത്തി. 2021ലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോർട്ടനുസരിച്ച് ലോകത്തിൽ 27% ക്രൈസ്തവർക്ക് അവരുടെ വിശ്വാസമനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രാര്‍ത്ഥനാദിനാചരണം.
പാക്കിസ്ഥാനിൽ ക്രൈസ്തവ സ്ത്രീകളേയും പെൺകുട്ടികളേയും തട്ടിക്കൊണ്ടു പോയി നടത്തുന്ന നിർബന്ധിത വിവാഹവും മതപരിവർത്തനവും, അവർക്ക് എസിഎന്‍ നൽകുന്ന നിയമ, മാനസീക പിൻതുണകളെക്കുറിച്ചും സംഘടന വിവരിച്ചു. അതിക്രമങ്ങൾക്കിരയാകുന്നവർ ദരിദ്രരാണെങ്കിലും ജീവന്‍ അപകടപ്പെടുത്തിയും അവർ ദേവാലയത്തിൽ പോകുന്നതും പ്രാർത്ഥനയും ദിവ്യബലിയർപ്പണം വഴി കര്‍ത്താവിനെ കണ്ടെത്തുന്നതും സംഘടന അനുസ്മരണം നടത്തി. സകലതും ഉപേക്ഷിച്ച് വിശ്വാസികളുടെ പരിപാലനത്തിനായി പ്രത്യേകിച്ച് വൈറസ് ബാധിതരായവരെ സഹായിക്കുന്ന ആയിരക്കണക്കിന് വൈദീകർക്കും സന്യാസിനിക്കും സഹായമെത്തിക്കാൻ തങ്ങൾക്ക് സംഭാവനകൾ നൽകുന്നവർക്ക് നന്ദി പറയാനും സംഘടന പ്രാര്‍ത്ഥനാദിനാചരണം വിനിയോഗിച്ചു.