പള്ളിയിലെ കപ്യാരായി ഒരു വനിത ; സഭയുടെ ചരിത്രത്തില്‍ ഇതാദ്യം

0

ആലപ്പുഴ: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക പള്ളിയിലെ കപ്യാരായിരുന്ന സാം ജെയിംസ് മരിച്ചതിനെ തുടർന്ന് ഭാര്യ ലീമാ സാം പള്ളിയിലെ കപ്യാരായി മുൻപോട്ട് വന്നത് വിവാദമായി .കുർബ്ബാന നടക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ചെത്തിയ ലീമ അച്ചന്മാർക്കൊപ്പം അൾത്താരയിൽ ഉണ്ടായിരുന്നു . ലീമയെ തടയാൻ വികാരി ശ്രമിച്ചെങ്കിലും ലീമയ്ക്കൊപ്പമെത്തിയ ചിലർ എതിർത്തു. തുടർന്ന് കുർബ്ബാനയിൽ ലീമ അൾത്താരയ്ക്ക് സമീപം നിന്ന് പങ്കെടുക്കുകയായിരുന്നു.

കഴിഞ്ഞ 25 വർഷക്കാലമായി സാം ജെയിംസ് ഇവിടെ കപ്യാരായി ചുമതല വഹിച്ചു വരികയായിരുന്നു. ഇതിനിടയിൽ മെയ് 6 ന് കോവിഡ് ബാധിച്ചു മരണപ്പെട്ടു. സാം മരണപ്പെട്ട ശേഷം ഭാര്യ ലീമയും രണ്ടു പെൺകുട്ടികളും ക്വാറന്റൈനിലായിരുന്നു. പിന്നീട് പള്ളിയിലെത്തി വികാരിയോട് പള്ളിയുടെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി നൽകണമെന്ന് അപേക്ഷ നൽകി.

പാരമ്പര്യമായി കപ്യാർ ചുമതല വഹിക്കുന്ന കുടുംബമാണ് ഇവരുടെത്. എന്നാൽ ഇവർക്ക് ആൺകുട്ടിയില്ലാത്തതിനാൽ ആ ചുമതല ലീമാ ജെയിംസ് ഏറ്റെടുക്കാമെന്ന് അറിയിച്ചു. എന്നാൽ പള്ളി അധികൃതർ സമ്മതിച്ചില്ല. പകരം പള്ളിയുടെ ഒരു ഐ.ടി.സിയിൽ ഓഫീസ് അസിസ്റ്റന്റ് ജോലി നൽകാമെന്ന് പറഞ്ഞു. എന്നാൽ അത് അണ് എയ്‌ഡഡ്‌ ആയതിനാൽ എയ്‌ഡഡ്‌ ആയ മറ്റേതെങ്കിലും സ്ഥാപനത്തിൽ ജോലി വേണമെന്ന് ലീമ പറഞ്ഞു . അധികൃതർ തയ്യാറായില്ല .

ഇതോടെ ലീമ അടുത്ത ദിവസം രാവിലെ എത്തി കപ്യാരുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു . ലീമയോട് പുറത്തു പോകണമെന്ന് അച്ചന്മാർ നിർദ്ദേശിച്ചെങ്കിലും വകവയ്ക്കാതെ അവർ അവിടെ തുടർന്നു.

ഈ സമയം പുറത്ത് പള്ളിയിലെ ഒരു വിഭാഗം വിശ്വാസികൾ ലീമയ്ക്ക് പിൻതുണയുമായെത്തി. കുർബ്ബാന കഴിഞ്ഞിറങ്ങിയ വികാരിയച്ചനെ തടഞ്ഞു അവർ പ്രതിഷേധം നടത്തി. പള്ളിയധികൃതർ പൊലീസിനെ വിളിച്ചു വരുത്തി . പോലീസ് ലീമയ്ക്കെതിരെ കേസെടുത്തു. ഇതോടെ ലീമ ഇവരുടെ 15ഉം 11ഉം വയസ്സുള്ള പെൺകുട്ടികളുമായി പള്ളിയങ്കണത്തിൽ സത്യാഗ്രഹം ഇരിക്കുമെന്ന് പ്രഖ്യാപിച്ചു.

ആലപ്പുഴ അതിരൂപതയുടെ പിതാവ് ലീമയെ നേരിട്ട് വിളിച്ച് ചർച്ച നടത്തി പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകി.

You might also like