മദ്യശാല തുറക്കാം, ആരാധനാലയങ്ങള്‍ തുറക്കരുത്: സര്‍ക്കാര്‍ നിലപാടില്‍ കടുത്ത വിമര്‍ശനവുമായി വിശ്വാസി സമൂഹം

0

 

 

തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൌണില്‍ നാളെ മുതല്‍ ഇളവുകള്‍ നല്‍കുവാനിരിക്കെ ആരാധനാലയങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ വിമര്‍ശനം ശക്തമാകുന്നു. നാളെ മുതല്‍ മദ്യശാലകള്‍ തുറക്കാമെന്ന നിലപാടു സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ആരാധനാലയങ്ങള്‍ തുറക്കുന്നത് കാത്തിരിക്കണമെന്നാണ് ഇന്നലെ പറഞ്ഞത്. ഇത് വ്യാപക വിമര്‍ശനത്തിന് വഴി തെളിയിച്ചിരിക്കുകയാണ്. ‘മദ്യപാനികള്‍ക്കു സാമൂഹ്യ അകലം പാലിച്ച് മദ്യം വാങ്ങാന്‍ അവസരം’ ഒരുക്കുന്ന സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ഏറ്റവും അധികം പാലിക്കപ്പെടുന്ന ക്രൈസ്തവരുടേത് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ തുറക്കുന്നതു നീട്ടുന്ന വൈരുദ്ധ്യാത്മകമായ നിലപാടാണ് വിമര്‍ശനത്തിന് കാരണമാകുന്നത്.

ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്ന് വിശ്വാസികള്‍ ആഗ്രഹിക്കുന്ന കാര്യമാണെന്നും എന്നാല്‍ കുറച്ചു ദിവസം കൂടി നമുക്കതിന് കാത്തിരിക്കണമെന്നും ആളുകള്‍ കൂട്ടം കൂടുന്നത് ഒരുതരത്തിലും ഈ ഘട്ടത്തില്‍ അനുവദിക്കാനാവില്ലെന്നുമാണ് ഇന്നലെ ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ചു മുഖ്യമന്ത്രി പറഞ്ഞത്. വിഷയത്തില്‍ പ്രതികരണവുമായി വിവിധ മതസംഘടനകള്‍ എല്ലാം തന്നെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് വിശ്വാസികളോടുള്ള അനീതിയാണെന്ന് ക്രൈസ്തവര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചു. സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്താനാണ് മുസ്ലിം സംഘടനകളുടെ സംയുക്ത തീരുമാനം. വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി എന്‍‌എസ്‌എസും രംഗത്തെത്തിയിട്ടുണ്ട്.

You might also like