TOP NEWS| വിസ്താഡോം കോച്ചുകളെത്തി; ഇനി ആകാശംകണ്ട് തീവണ്ടിയാത്ര

0

 

 

മുംബൈ: വിസ്താഡോം കോച്ച്
മുംബൈ:മുംബൈയിൽനിന്ന് ഗോവയിലേക്കും തിരിച്ചും തീവണ്ടിയിൽ യാത്രചെയ്യുന്ന കുറച്ചുപേരെങ്കിലും പുതിയൊരു സന്തോഷത്തിലാണ്. മുകൾത്തട്ടിൽ ഗ്ലാസ് പാനൽ ഘടിപ്പിച്ച വിസ്താഡോം കോച്ചിലുള്ള യാത്ര ഏറെ ആകർഷകമാണ്. കോച്ചിന്റെ വശങ്ങളിലെ വലിയ ഗ്ലാസ് പാനലും മുകളിലെ ഗ്ലാസ് പാനലുകളും പിറകുവശം പൂർണമായും കാണാവുന്ന വലിയ ഗ്ലാസുമാകുമ്പോൾ യാത്രക്കാരന് പുറംകാഴ്ചകൾ ഒട്ടും മറയ്ക്കപ്പെടുന്നില്ല.

ദാദറിൽനിന്ന് മഡ്ഗാവിലേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്സ്‌പ്രസിന്റെ ഏറ്റവുംപിറകിലാണ് ഒരു വിസ്താഡോം കോച്ച് ഇപ്പോൾ ഘടിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മൂന്നു കോച്ചുകളാണ് മധ്യ റെയിൽവേയ്ക്ക് കഴിഞ്ഞമാസം ലഭിച്ചത്. ഇവ മൂന്നും ജനശതാബ്ദിക്കുവേണ്ടിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

കൊങ്കൺ പാതയിൽ മൺസൂൺ സമയക്രമം അവസാനിക്കുന്നതോടെ ജനശതാബ്ദിക്ക് രണ്ട് വിസ്താഡോം കോച്ചുകൾ മതിയാകും. ബാക്കിവരുന്ന ഒരു കോച്ച് മുംബൈ-പുണെ സ്റ്റേഷനുകൾക്കിടയിൽ ഓടുന്ന ഡക്കാൻ ക്യൂനിൽ ഘടിപ്പിക്കാനാണ് മധ്യ റെയിൽവേ ആലോചിക്കുന്നത്. 44 പേർക്ക് ഇരുന്നുസഞ്ചരിക്കാവുന്ന ഈ കോച്ചിൽ വാരാന്ത്യങ്ങളിൽ മാത്രമേ തിരക്കുള്ളൂ. ബാക്കിദിവസങ്ങളിൽ 50 ശതമാനത്തോളം യാത്രക്കാരുണ്ടെന്നാണ് റെയിൽവേ അറിയിച്ചത്. വരുംദിവസങ്ങളിൽ യാത്രക്കാർ കൂടുമെന്ന കണക്കുകൂട്ടലിലാണ് റെയിൽവേ.

180 ഡിഗ്രിവരെ തിരിക്കാവുന്ന സീറ്റുകൾ, യാത്രക്കാർക്ക് ലഘുഭക്ഷണം ഒരുക്കാനുള്ള പ്രത്യേക സൗകര്യം. ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങൾ, വൈഫൈ സംവിധാനം, ഓരോരുത്തർക്കും പ്രത്യേകം മൊബൈൽ ചാർജിങ് പോയന്റ്, ഭക്ഷണം കഴിക്കാനും എഴുതാനും മറ്റുമായി സീറ്റിനുമുന്നിലേക്ക് നിവർത്താനും മടക്കിവെക്കാവുന്നതുമായ ചെറിയ ടേബിൾ, ഡിജിറ്റൽ ഡിസ്‌പ്ലേ സംവിധാനം, സ്പീക്കർ, വീൽച്ചെയർ, താനേ തുറന്നടയുന്ന വലിയ വാതിലുകൾ, സി.സി.ടി.വി. തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം ഈ കോച്ചിലുണ്ട്. നിലവിൽ കശ്മീർ, ഡാർജിലിങ്, സിംല തുടങ്ങി ഏഴിടങ്ങളിൽ വിസ്താഡോം കോച്ചുകൾ ഉപയോഗിക്കുന്നുണ്ട്.

You might also like