ആരാധനാലയങ്ങള്‍ തുറക്കണം: ക്രൈസ്തവ സംഘടനകള്‍

0

 

 

കൊച്ചി: ആരാധനാലയങ്ങള്‍ നിയന്ത്രണവിധേയമായി തുറക്കാന്‍ അനുവദിക്കണമെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ക്ലര്‍ജി കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രാദേശിക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടിപിആര്‍ തോത് അനുസരിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുപോലെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ അനുവദിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങളോടെ ജനപങ്കാളിത്തം അനുവദിക്കണമെന്ന് സിഎല്‍സി സംസ്ഥാന സമിതിയും ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒന്നര മാസമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന പല മേഖലകളിലും ഇളവുകള്‍ അനുവദിച്ച് സാധാരണ ജീവിതം സാധ്യമാക്കുന്ന ഘട്ടത്തിലേക്ക് നാടിനെ തിരിച്ചുകൊണ്ടുവരുന്ന ഭരണാധികാരികളുടെ നടപടികളെ സിഎല്‍സി സ്വാഗതം ചെയ്തു.

മറ്റേതൊരു പൊതുസ്ഥലത്തേക്കാളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും മുന്‍ കരുതലുകളെടുക്കാനും ഈ അവസരത്തില്‍ ആരാധനാലയങ്ങള്‍ക്ക് സാധിക്കും. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ആന്തരിക സമാധാനത്തിനും മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താനും മതകര്‍മങ്ങള്‍ അനിവാര്യമാണ്. അതിനാല്‍ ജനങ്ങള്‍ക്ക് ആരാധനാലയങ്ങളില്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണം.

ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് ഷോബി കെ. പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് പഞ്ഞിക്കാരന്‍, ട്രഷറര്‍ ബിജില്‍ സി. ജോസഫ്, ദേശീയ വൈദിക പ്രതിനിധി ഫാ. ഫ്രജോ വാഴപ്പിള്ളി, സൗത്ത് സോണ്‍ പ്രസിഡന്റ് വിനേഷ് കോളെങ്ങാടന്‍, അനില്‍ പാലത്തിങ്കല്‍, ഷീല ജോയ്, യു.വി. എല്ദോസ, റീത്ത ദാസ്, സജു തോമസ്, ജെസ്വിന്‍ സോണി, നിയ തോബിയാസ് എന്നിവര്‍ പ്രസംഗിച്ചു.

ടിപിആര്‍ അടിസ്ഥാനത്തില്‍ മേഖലകള്‍ തിരിച്ച് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് മലങ്കര ഓര്‍ത്ത്ഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മനും ആവശ്യപ്പെട്ടു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആകുലതയില്‍ കഴിയുന്ന വിശ്വാസികള്ക്ക്ര പ്രത്യാശ നല്കുനന്ന ആരാധനാലയങ്ങള്‍ തുറക്കേണ്ടത് ഏറെ പരിഗണന അര്ഹിശക്കുന്ന വിഷയമായി സര്‍ക്കാര്‍ കാണണം. വ്യാപാര, വിനോദ സ്ഥാപനങ്ങള്‍ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തിന് അടിയന്തര പരിഗണന നല്കൗണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

You might also like