TOP NEWS| ഇന്ത്യയുടെ ഐടി ചട്ടങ്ങളിൽ ആശങ്കയറിച്ച് ഐക്യരാഷ്ട്രസഭ; തിരുത്തണമെന്ന് അഭ്യര്‍ത്ഥന
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ഐ ടി ചട്ടങ്ങളിൽ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. അഭിപ്രായസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഐ ടി ചട്ടങ്ങളിൽ ഇന്ത്യ മാറ്റം വരുത്തണമെന്ന് ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥിച്ചു. ട്വിറ്റര്‍ ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ കേന്ദ്രം പിടിമുറുക്കുമ്പോഴാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ. അതിനിടെ ട്വിറ്ററിനൊപ്പം ഫേസ്ബുക്, യൂട്യൂബ് പ്രതിനിധികളെ വിളിച്ചുവരുത്താനുള്ള നീക്കങ്ങൾ പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റി തുടങ്ങി.
ഇന്ത്യ നടപ്പാക്കുന്ന ഐ ടി ചട്ടങ്ങളിലെ പല നിര്‍ദ്ദേശങ്ങളും മനുഷ്യാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം. ഇതിൽ ആശങ്കയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് കൈമാറിയ ഏഴുപേജുള്ള കത്തിൽ ഐക്യരാഷ്ട്ര പ്രതിനിധികൾ വ്യക്തമാക്കുന്നു. ചില അനാവശ്യ കടപ്പാടുകളുടെ പേരിലാണ് വലിയ മനുഷ്യാവകാശ ലംഘനങ്ങളെന്ന നിരീക്ഷണവും ഐക്യരാഷ്ട്രസഭ നടത്തുന്നു. വംശീയവും ജാതിയവുമായ അധിക്ഷേപം, ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണി, ആൾമാറാട്ടം, കുട്ടികൾക്ക് ദോഷകരം തുടങ്ങിയ ചട്ടങ്ങളിലെ പ്രയോഗങ്ങളുടെ അര്‍ത്ഥവ്യാപ്തി എത്രമാത്രമെന്ന് വ്യക്തമല്ല. എത്ര വിശാലമായും ഇതിനെ വ്യാഖ്യാനിക്കാം. ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളിലും കടുത്ത ആശങ്കയാണെന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെടുന്നു.