ക്രിസ്തു വിശ്വാസം നെഞ്ചിലേറ്റിയ യൂറോപ്യന്‍ യൂണിയന്റെ മുഖ്യശില്‍പ്പി റോബർട്ട് ഷൂമാൻ വിശുദ്ധ പദവിയിലേക്ക്

0

 

 

വത്തിക്കാന്‍ സിറ്റി: യൂറോപ്യൻ രാജ്യങ്ങളുടെ ഐക്യത്തിൽ മുഖ്യപങ്കു വഹിച്ചവരിൽ ഒരാളായ ഫ്രഞ്ച് പൗരൻ റോബർട്ട് ഷൂമാനെ ധന്യൻ പദവിയിലേക്ക് ഫ്രാൻസിസ് മാർപാപ്പ ഉയർത്തി. അദ്ദേഹം വീരോചിത പുണ്യപ്രവർത്തികൾ നയിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഡിക്രി ശനിയാഴ്ചയാണ് പാപ്പ അംഗീകരിച്ചത്. യൂറോപ്യൻ രാജ്യങ്ങളുടെ ഐക്യത്തെ സംബന്ധിച്ച് റോബർട്ട് ഷൂമാൻ മുന്നോട്ടുവെച്ച ആശയങ്ങളാണ് പിന്നീട് യൂറോപ്യൻ യൂണിയൻ യാഥാർത്ഥ്യമാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പ്രധാനമന്ത്രിയായും, സാമ്പത്തികകാര്യ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പൊതുരംഗത്ത് തീരുമാനങ്ങളെടുക്കുമ്പോൾ അദ്ദേഹം സന്യാസ ആശ്രമത്തിലെത്തി ദൈവവചനം വായിക്കുകയും, ധ്യാനിക്കുകയും ചെയ്യുമായിരുന്നു. സമൂഹത്തില്‍ ഇറങ്ങിപ്രവർത്തിച്ചിരുന്ന ഷൂമാന് കൂദാശകളാണ് ശക്തി നൽകിയിരുന്നതെന്ന് വത്തിക്കാൻ ഇറക്കിയ കുറിപ്പിൽ പറയുന്നു. യൂറോപ്യൻ യൂണിയന്റെ സ്ഥാപക പിതാക്കന്മാരിൽ ഒരാൾ എന്നാണ് യൂറോപ്യൻ കമ്മീഷൻ വെബ്സൈറ്റിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

1886ൽ ലക്സംബർഗ് സ്വദേശിയായ മാതാവിന്റെയും, ഫ്രഞ്ച് സ്വദേശിയായ പിതാവിന്റെയും മകനായി ജർമ്മനി പിടിച്ചെടുത്ത് കൈവശം വെച്ചിരുന്ന സ്ഥലത്താണ് റോബർട്ട് ഷൂമാൻ ജനിച്ചത്. ജർമ്മൻ പൗരനായിട്ടാണ് ജനിച്ചതെങ്കിലും യുദ്ധത്തിനുശേഷം ജർമ്മനി കൈവശം വെച്ചിരുന്ന ഭൂമി ഫ്രാൻസിന് നൽകിയപ്പോൾ ഫ്രഞ്ച് പൗരനായി അദ്ദേഹം മാറി. ഫ്രഞ്ച് നാഷണൽ അസംബ്ലിയിൽ അംഗമായിരുന്ന ഷൂമാനെ 1940ൽ ജർമ്മൻ രഹസ്യാന്വേഷണ സേന ഫ്രാൻസിൽ പ്രവേശിച്ച സമയത്ത് അറസ്റ്റ് ചെയ്തെങ്കിലും, 1942ൽ അദ്ദേഹം രക്ഷപ്പെട്ടു.

You might also like