BREAKING// കോംഗോയിലെ കത്തോലിക്ക ദേവാലയത്തിൽ സ്ഫോടനം: രണ്ടു പേർക്ക് ഗുരുതര പരിക്ക്
കോംഗോയിലെ കത്തോലിക്ക ദേവാലയത്തിൽ സ്ഫോടനം: രണ്ടു പേർക്ക് ഗുരുതര പരിക്ക്
കിന്‍ഹാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ബെനി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇമ്മാനുവേൽ ബുറ്റ്സിലി കത്തോലിക്കാ ദേവാലയത്തിൽ ഉഗ്ര ബോംബ് സ്ഫോടനത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഉഗാണ്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ആഭിമുഖ്യമുള്ള സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസാണ് അക്രമത്തിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു. രാവിലെ ആറു മണിക്ക് നടന്ന സ്ഫോടനത്തിൽ രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്. അൾത്താരയ്ക്ക് മുന്നിലെ ഇരിപ്പിടങ്ങളുടെ ആദ്യ നിരയിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയ്ക്ക് മുന്‍പ് സ്ഫോടനം നടന്നതെന്ന് ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ഇസിദോർ കമ്പാലെ മസിംഗോ എസിഐ ആഫ്രിക്ക എന്ന കത്തോലിക്ക മാധ്യമത്തോട് പറഞ്ഞു.
വിശുദ്ധ കുർബാനയുടെ സജ്ജീകരണങ്ങൾ നടത്താൻ വേണ്ടി ഏതാനും സ്ത്രീകൾ നേരത്തെ തന്നെ ദേവാലയത്തിൽ എത്തിയിരുന്നു. ഇതിനിടെയിലാണ് സ്ഫോടനം നടന്നത്. ബോംബ് വെച്ചിരുന്ന ഇരിപ്പിടങ്ങളുടെ നിരയിലാണ് ഗായകസംഘം തങ്ങളുടെ ഉപകരണങ്ങൾ സാധാരണയായി വെക്കാറുണ്ടായിരുന്നതെന്ന് ഫാ. ഇസിദോർ കൂട്ടിച്ചേർത്തു. സ്ഥൈര്യലേപനം നൽകാനുള്ള ഒരു വിശുദ്ധ കുർബാന അന്ന് നടക്കേണ്ടിയിരുന്നുവെന്നും, അതിനാൽ ബോംബ് സ്ഫോടനം ഒരു വലിയ ജനക്കൂട്ടത്തെ ലക്ഷ്യമിട്ടാണ് നടന്നതെന്ന് വിശ്വസിക്കുന്നതായും ബുട്ടംബ് ബെനി രൂപതയുടെ വികാരി ജനറാളായ മോൺസിഞ്ഞോർ ലോറന്റ് സോൺഡിര്യ പറഞ്ഞു. വടക്കുകിഴക്കൻ കോംഗോ മേഖലയിൽ ഇതിനുമുമ്പും ആക്രമങ്ങൾ ഉണ്ടായിട്ടുണ്ട്.