വടക്കന്‍ കാനഡയില്‍ അത്യുഷ്ണം; ലിറ്റണില്‍ രേഖപ്പെടുത്തിയത് എക്കാലത്തെയും ഉയര്‍ന്ന ചൂട്
ടൊറോന്റോ: ഉഷ്ണതരംഗത്തെ തുടര്‍ന്ന് കാനഡയില്‍ 200ലധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലുദിവസം കാനഡയില്‍ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്. എക്കാലത്തെയും ഉയര്‍ന്ന അന്തരീക്ഷതാപനിലയായ 49.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
ബ്രിട്ടീഷ് കൊളംബിയയിലെ വെസ്റ്റ് കോസ്റ്റ് പ്രവിശ്യയില്‍ ഉഷ്ണ തരംഗത്തെ തുടര്‍ന്ന് 233 ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള കണക്കാണിത്. ശരാശരി നൂറിലധികം ആളുകളാണ് പ്രതിദിനം മരിക്കുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ബ്രീട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ട, സസ്‌കാച്ചെവന്റെ ചില ഭാഗങ്ങള്‍, മാനിറ്റോബ, യുക്കോണ്‍ എന്നി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടകരമായ ഉഷ്ണതരംഗം ഈ ആഴ്ച മുഴുവന്‍ തുടര്‍ന്നേക്കുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്.
തുടര്‍ച്ചയായി മൂന്നാം ദിവസമാണ് താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നത്. ദിവസേനയുള്ള താപനില എക്കാലത്തേയും റെക്കോഡ് ഭേദിച്ചു കൊണ്ട് 121 ഡിഗ്രി ഫാരന്‍ ഹീറ്റ് രേഖപ്പെടുത്തിയതായി എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ച് ട്വീറ്റ് ചെയ്തു.
കാനഡയില്‍ ഇതു വരെ താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തിയിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് ലിറ്റനില്‍ താപനില 49.5 ഡിഗ്രി സെല്‍ഷ്യസ് ആയത്. കടുത്ത ചൂടിനെ തുടര്‍ന്ന് വാന്‍കൂവറില്‍ സ്‌കൂളുകളും വാക്‌സിനേഷന്‍ സെന്ററുകളും അടച്ചിട്ടിരിക്കുകയാണ്.