TOP NEWS| കര്‍ത്താവായ യേശുവില്‍ വിശ്വാസം അര്‍പ്പിച്ചു, ദൈവകൃപ ഒന്നുകൊണ്ട് മാത്രം’: ഒളിംപിക് ട്രയല്‍സില്‍ ലോക റെക്കോര്‍ഡ് നേടിയതിന് പിന്നാലെ യു‌എസ് താരം

0

 

കര്‍ത്താവായ യേശുവില്‍ വിശ്വാസം അര്‍പ്പിച്ചു, ദൈവകൃപ ഒന്നുകൊണ്ട് മാത്രം’: ഒളിംപിക് ട്രയല്‍സില്‍ ലോക റെക്കോര്‍ഡ് നേടിയതിന് പിന്നാലെ യു‌എസ് താരം

വാഷിംഗ്ടണ്‍ ഡി‌സി: യു.എസ് ഒളിമ്പിക് ട്രാക്ക് ആന്‍ഡ്‌ ഫീല്‍ഡ് ട്രയല്‍സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തനിക്ക് റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണെന്ന് അമേരിക്കന്‍ വനിതാ കായികതാരം സിഡ്നി മക്ലാലിൻ. 52 സെക്കന്റുകള്‍ക്കുള്ളില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്ന കടമ്പകടക്കുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡോട് കൂടിയാണ് താരം വിജയിച്ചത്. 51.90 സെക്കന്റ് എടുത്താണ് ഇരുപത്തിയൊന്നുകാരിയായ മക്ലാലിൻ 400 മീറ്റര്‍ ഹര്‍ഡില്‍സ് പൂര്‍ത്തിയാക്കിയത്. ഓട്ടത്തിന് മുന്‍പുള്ള മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതാണെന്ന് പറഞ്ഞ മക്ലാലിൻ തന്റെ ചുമലിലെ ഭാരം ദൈവം ഒഴിവാക്കിയത് കാരണമാണ് തനിക്ക് സ്വതന്ത്രമായി ഓടുവാന്‍ കഴിഞ്ഞതെന്നും തന്റെ രക്ഷകനും കര്‍ത്താവുമായ യേശുവില്‍ വിശ്വാസം അര്‍പ്പിക്കുക മാത്രമാണ് ഈ ഓട്ടത്തില്‍ താന്‍ ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ട്രയല്‍സിന് ശേഷം എന്‍.ബി.സി സ്പോര്‍ട്ട്സിന് നല്‍കിയ അഭിമുഖത്തില്‍ “എല്ലാ മഹത്വവും ദൈവത്തിന്” എന്നായിരിന്നു മക്‌ലാഫ്ലിന്‍ പറഞ്ഞത്. “സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ സീസണില്‍ എന്റെ പുതിയ കോച്ചിനും, പുതിയ സപ്പോര്‍ട്ടിംഗ് സിസ്റ്റത്തിനും ഒപ്പം പരിശീലിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ദൈവവിശ്വാസമാണ് വാസ്തവത്തില്‍ ഇത് സാധ്യമാക്കിയത്. ഇത് ശരിക്കും ദൈവത്തില്‍ നിന്നുള്ള സമ്മാനം തന്നെയാണ് എന്ന് പറയുക അല്ലാതെ എനിക്കിപ്പോള്‍ കൂടുതലായി ഒന്നു ചെയ്യുവാനില്ല”- മക്ലാലിൻ പറഞ്ഞു. എല്ലാം നിയന്ത്രിക്കുന്നത് ദൈവമാണെന്ന സത്യം അറിഞ്ഞിരിക്കണമെന്നും താന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന കാലത്തോളം ദൈവം തന്നെ വഹിച്ചുകൊള്ളുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

You might also like