കനത്ത ജാഗ്രതയില്‍ ജമ്മു കാശ്മീര്‍, രജൗരിയില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി

0

ശ്രീനഗര്‍: എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ജമ്മു കാശ്മീരില്‍ കനത്ത ജാഗ്രത. സുരക്ഷയുടെ ഭാഗമായി അതിര്‍ത്തി ജില്ലയായ രജൗരിയില്‍ ഡ്രോണ്‍ പറപ്പിക്കല്‍, വില്‍പ്പന, കൈവശം വയ്ക്കല്‍ എന്നിവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി.

ഡ്രോണുകളോ അതുപോലുള്ള വസ്തുക്കളോ കൈവശമുള്ളവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഏല്‍പിക്കണമെന്നാണ് രജൗരി ജില്ലാ മജിസ്‌ട്രേറ്റ് രജേഷ് കുമാര്‍ ഷവന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നിരുന്നാലും സര്‍വേകള്‍, നിരീക്ഷണം എന്നിവയ്ക്കായി ഡ്രോണുകള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുമതിയുണ്ടായിരിക്കും.

ദേശവിരുദ്ധ ശക്തികള്‍ ഡ്രോണുകളും മറ്റും ഉപയോഗിച്ച്‌ കേന്ദ്രഭരണ പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതികളിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും,ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷയെ കരുതിയാണ് തീരുമാനമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടക്കുന്നത്. ആക്രമണത്തില്‍ രണ്ട് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

You might also like