കുഞ്ഞുങ്ങളില്‍ പരീക്ഷണം നടത്തിയ ആദ്യ കൊവിഡ് വാക്സിന്‍ വിതരണത്തിന് തയ്യാറെടുക്കുന്നു, അടിയന്തര ഉപയോഗ അനുമതി തേടി
ന്യൂഡല്‍ഹി: 12 മുതല്‍ 18 വയസ് പ്രായമായവരില്‍ പരീക്ഷണം നടത്തിയ ആദ്യ കൊവിഡ് വാക്സിനായ സൈക്കോവ് – ഡി വിതരണത്തിനു തയാറെടുക്കുന്നു. വാക്സിന്റെ അടിയന്തര ഉപയോഗത്തിനായുള്ള അനുമതിക്കായി വാക്സിന്‍ നിര്‍മ്മാതാക്കളായ സൈഡസ് കാഡില ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യയെ സമീപിച്ചു.
ഇന്ത്യയില്‍ ഇതു വരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ക്ളിനിക്കല്‍ ട്രയലിനു ശേഷമാണ് വാക്സിന്‍ വിതരണത്തിന് തയ്യാറെടുക്കുന്നതെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. 50 ലേറെ സ്ഥലങ്ങളില്‍ വാക്സിന്റെ ക്ളിനിക്കല്‍ ട്രയല്‍ ഇതിനോടകം പൂര്‍ത്തീകരിച്ചുവെന്നും 12 മുതല്‍ 18 വയസിനിടയിലുള്ളവരിലും വാക്സിന്‍ പരീക്ഷണം നടത്തിയതായും നിര്‍മ്മാതാക്കള്‍ പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍ 18 വയസിനു താഴെയുള്ളവരില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. ആയിരത്തിനുമേല്‍ കുട്ടികളില്‍ വാക്സിന്‍ പരീക്ഷിച്ചുവെന്നും ഇവരില്‍ ശാരീരിക അസ്വസ്ഥതകളൊന്നും തന്നെ പ്രകടമായില്ലെന്നും കമ്ബനി വൃത്തങ്ങള്‍ പറഞ്ഞു. മാത്രമല്ല മുതിര്‍ന്നവരില്‍ എങ്ങനെയാണോ വാക്സിന്‍ പ്രവര്‍ത്തിച്ചത് അതേ രീതിയിലുള്ള ഫലപ്രാപ്തി തന്നെ കുഞ്ഞുങ്ങളിലും കണ്ടതായി അവര്‍ പറഞ്ഞു. വാക്സിന്‍ എടുത്തവരില്‍ ഭൂരിപക്ഷത്തിനും കൊവിഡ് പിന്നെ വന്നിട്ടില്ലെന്നും വന്നവരില്‍ തന്നെ നേരിയ ലക്ഷണങ്ങള്‍ മാത്രമേ പ്രകടമായുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൂചി ഉപയോഗിക്കാതെയുള്ള ഇന്ട്രാഡെര്‍മല്‍ വിദ്യ പ്രകാരമാണ് ഈ വാക്സിന്‍ നല്‍കുന്നത്. മാത്രമല്ല തെര്‍മോസ്റ്റെബിളിറ്റി സാങ്കേതികവിദ്യ അടങ്ങിയിരിക്കുന്നതിനാല്‍ അന്തരീക്ഷതാപത്തില്‍ വരുന്ന വ്യതിയാനങ്ങള്‍ ഈ വാക്സിനെ കാര്യമായി ബാധിക്കില്ല.