TOP NEWS| ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണം: രാഷ്ട്രപതിയ്ക്കു കത്തയച്ച് സംയുക്ത പ്രതിപക്ഷ നേതൃത്വം

0

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണം: രാഷ്ട്രപതിയ്ക്കു കത്തയച്ച് സംയുക്ത പ്രതിപക്ഷ നേതൃത്വം

ന്യൂഡല്‍ഹി: നീതി നിഷേധിക്കപ്പെട്ട് തടവ് അനുഭവിക്കുന്നതിനിടെ ആശുപത്രിയില്‍ അന്തരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തു നല്‍കി. ഫാ. സ്റ്റാന്‍ സ്വാമിക്കെതിരേ വ്യാജകേസാണു ചുമത്തിയിരുന്നതെന്നും അന്യായമായി തടവില്‍ പാര്‍പ്പിച്ച അദ്ദേഹത്തോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായാണു പെരുമാറിയിരുന്നതെന്നും പ്രതിപക്ഷ നേതാക്കള്‍ കത്തില്‍ കുറിച്ചു.

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവര്‍ക്കെതിരേയും രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കേസാണ് എടുത്തിരിക്കുന്നത്. തടവുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന മുംബൈ തലോജ ജയിലില്‍ നിന്ന് ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല. ജാമ്യം നല്‍കണം എന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനായി ഇടപെടല്‍ നടത്തിയ ബോംബെ ഹൈക്കോടതി നടപടിയില്‍ വളരെയധികം നന്ദിയുണ്ട്. എന്നാല്‍, ഇതുതന്നെ ഏറെ വൈകിപ്പോയിരുന്നു എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് ചികിത്സ തന്നെ നിഷേധിക്കപ്പെട്ടു. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതില്‍ പിന്നെയാണ് പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ അദ്ദേഹത്തിന് വെള്ളം കുടിക്കാന്‍ ഒരു സിപ്പര്‍ പോലും ലഭിച്ചത്. ആദിവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്ന ഫാ. സ്റ്റാന്‍ സ്വാമി. അദ്ദേഹം തടവില്‍ കഴിയവേ മരിച്ചതില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി നേതാവ് ശരദ് പവാര്‍, തൃണമൂല്‍ കോണ്ഗ്ര്സ് നേതാവ് മമത ബാനര്‍ജി, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍, ജെഎംഎം നേതാവ് ഹേമന്ത് സോറന്‍, ജെഡിഎസ് നേതാവ് ദേവഗൗഡ, ജെകെപിഎ നേതാവ് ഫറൂക് അബ്ദുള്ള, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ നേതാവ് ഡി. രാജ എന്നിവരാണ് ഫാ. സ്റ്റാന്‍ സാമിയുടെ മരണവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കു കത്തു നല്‍കിയത്.

You might also like