TOP NEWS| നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി
നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി
മൈദുഗുരി: വടക്കു കിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തെ മൈദുഗുരിയില്‍ നിന്നും കഴിഞ്ഞ മാസം ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ ഫാ. എലിജാ ജുമാ വാഡാ മോചിതനായി. ജൂലൈ 8നാണ് ഫാ. വാഡാ മോചിതനായതെന്ന് പ്രമുഖ നൈജീരിയന്‍ മാധ്യമമായ വാന്‍ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. പ്രിയ സഹോദരന്‍ മോചിതനായ വാര്‍ത്ത ശരിയാണെന്നും ദൈവത്തോട് നന്ദി പറയുകയാണെന്നും മൈദുഗുരി രൂപതയിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. അതേസമയം രൂപത നേതൃത്വം മോചന വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ശരിയായ സമയത്ത് മെത്രാന്‍ ഇതുസംബന്ധിച്ച് അറിയിപ്പ് നടത്തുമെന്നാണ് രൂപതയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
കൊടുങ്കാറ്റില്‍ ഇടവകയിലുള്ള ഫാ. വാഡായുടെ താമസസ്ഥലം തകര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹം ഷാനിയില്‍ താമസമാക്കിയതെന്നും, ഇടവക കാര്യങ്ങള്‍ക്കായി അദ്ദേഹം ഷാനിയില്‍ നിന്നും വന്നുപോവുകയായിരുന്നെന്നാണ് സുഹൃത്തായ മല്ലം യാംട പറയുന്നത്. തന്റെ സുഹൃത്തും, ദാമാതുരുവിലെ സെന്റ് മേരീസ് കത്തോലിക്കാ ഇടവക വികാരിയുമായ ഫാ. യാകുബു ഇന്‍ഡാ ഫിലിബസിന്റെ കൃതജ്ഞതാപ്രകാശന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകവേയാണ് ഫാ. വാഡാ തട്ടിക്കൊണ്ടുപോകപ്പെട്ടതെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. എന്നാല്‍ തന്റെ കൊറോള കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ഫാ. വാഡാ തട്ടിക്കൊണ്ടുപോകപ്പെട്ടതെന്നാണ് കുടുംബവുമായി അടുത്ത വ്യക്തി പറയുന്നത്.