സ്ത്രീസുരക്ഷിത കേരളത്തിനായി ഗവര്‍ണറുടെ ഉപവാസം ആരംഭിച്ചു

0

തിരുവനന്തപുരം: സ്ത്രീകള്‍ക്കു സുരക്ഷയുള്ള കേരളത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉപവാസം ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ഉപവാസം വൈകിട്ട് ആറിന് അവസാനിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അപൂര്‍വ സംഭവമാണ് ഗവര്‍ണര്‍ ഉപവസിക്കുന്നത്.

കേരള ഗാന്ധി സ്മാരക നിധിയും മറ്റു ഗാന്ധിയന്‍ സംഘടനകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീസുരക്ഷയ്ക്കുവേണ്ടി ഗാന്ധിയന്‍ സംഘടനകള്‍ ജില്ലകള്‍തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും.

വൈകിട്ട് 4.30ന് തിരുവനന്തപുരം ഗാന്ധിഭവനില്‍ ഉപവാസ-പ്രാര്‍ത്ഥനാ യജ്ഞം നടക്കും. ഇതില്‍ പങ്കെടുത്താണ് വൈകിട്ട് ആറിന് ഗവര്‍ണര്‍ ഉപവാസം അവസാനിപ്പിക്കുക.
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മരിച്ച കൊല്ലത്തെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച്‌ ഗവര്‍ണര്‍ അനുശോചനം അറിയിച്ചിരുന്നു. കേരളത്തിലെ ഓരോ പെണ്‍കുട്ടിയും തന്റെ മകളാണെന്നും വിസ്മയയും തന്റെ മകളാണെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. സ്ത്രീധനത്തിനെതിരെ ശക്തമായ നടപടി കേരളത്തില്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

You might also like