169 രാജ്യങ്ങളെ കുഞ്ഞു ബോട്ടിലിലാക്കി ഗോപിക; റെക്കോഡ് തേടിയെത്തി
തൃശൂര്‍: ബോട്ടില്‍ പെയിന്റിങ് ഗോപികക്ക് കൗതുകം മാത്രമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ മിടുക്കി റെക്കോഡ് നേട്ടത്തിെന്റ ഉടമയാണ്. 169 രാജ്യങ്ങളുടെ പതാക ഒരു ബോട്ടിലില്‍ വരച്ചതിനാണ് ഗോപിക ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സില്‍ സ്ഥാനം പിടിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഒല്ലൂരിന് സമീപത്തെ ചിയ്യാരത്തെ വീട്ടില്‍ ഗോപികയുടെ റെക്കോഡ് നേട്ടത്തിെന്റ അറിയിപ്പ് എത്തിയത്.
ബി.കോം ബിരുദധാരിയാണ് ഗോപിക. ചിയ്യാരത്തെ സി.ഐ.ടി.യു യൂനിയനിലെ ചുമട്ടുതൊഴിലാളിയായ ചിയ്യാരം നെല്ലിപറമ്ബില്‍ ഗോപിയുടെയും സൗമ്യയുടെ മകളാണ്. ചിത്രംവരയോട് കുട്ടിക്കാലത്ത് തുടങ്ങിയ ഇഷ്ടം പിന്നീടാണ് ബോട്ടില്‍ പെയിന്റിങ്ങിലേക്ക് വഴിമാറിയത്.
മന്ത്രിമാരെ ‘കുപ്പിയിലാക്കിയ’ ഗോപികയുടെ ചിത്രംവര ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രം കണ്ട് മന്ത്രിമാരുടെ അഭിനന്ദനവുമെത്തി. ഗോപികയുടെ ചിത്രങ്ങളും ബോട്ടില്‍ പെയിന്റിങ്ങുകളും വിലകൊടുത്ത് വാങ്ങാന്‍ ആളുകളുമെത്താറുണ്ട്. എട്ടാം ക്ലാസുകാരിയായ അഞ്ജന സഹോദരിയാണ്.