പുതിയ അദ്ധ്യായന വര്‍ഷം ഒക്​ടോബര്‍ ഒന്നിന്, അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ ഓഗസ്റ്റ്​ 31ന്​ മുമ്ബ്​ നടത്തണം; മാര്‍ഗനിര്‍ദേശങ്ങളുമായി യു ജി സി

0

ന്യൂഡല്‍ഹി:2021-22 അദ്ധ്യായന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശന നടപടികള്‍ സെപ്‌തംബര്‍ മുപ്പതിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവുമായി യു ജി സി. ഒക്​ടോബര്‍ ഒന്നിന്​ പുതിയ അദ്ധ്യായന വര്‍ഷം ആരംഭിക്കണമെന്നാണ് യു ജി സിയുടെ മാര്‍​​​ഗനിര്‍ദേശങ്ങളില്‍ അറിയിച്ചിട്ടുള്ളത്. 2020-21 വര്‍ഷത്തെ അവസാന സെമസ്റ്റര്‍/ വാര്‍ഷിക പരീക്ഷകള്‍ കൊവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നിര്‍ബന്ധമായും നടത്തണമെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഓഗസ്റ്റിന് മുമ്ബായാണ് ഈ പരീക്ഷകള്‍ നടത്തേണ്ടത്.

ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക്​ പരീക്ഷകളുണ്ടായിരിക്കില്ല. ഒന്നാംവര്‍ഷ ബിരുദ കോഴ്​സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക്​ പ്രവേശനം നടത്തേണ്ട അവസാന തീയതി ഒക്​ടോബര്‍ 31 ആണ്. അടിസ്ഥാന യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 31വരെ സമര്‍പ്പിക്കാം. പ​ന്ത്രണ്ടാം ക്ലാസ്​ പരീക്ഷ ഫലം ജൂലായ് 31നകം പ്രസീദ്ധീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്. ഫലപ്രഖ്യാപനത്തില്‍ മാറ്റമുണ്ടായാല്‍ ഒക്​ടോബര്‍ 18ന്​ അദ്ധ്യായന വര്‍ഷം ആരംഭിക്കുന്ന തരത്തില്‍ ക്രമീകരണം നടത്താനാണ് യു ജി സി സെക്രട്ടറി രജനീഷ്​ ജെയിന്‍ വൈസ്​ ചാന്‍സലര്‍മാര്‍ക്കും കോളേജ്​ പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച കത്തില്‍ പറയുന്നത്.

ഓണ്‍ലൈനായോ ഓഫ്​ലൈനായോ രണ്ടും കൂടിയോ ക്ലാസ്​ ആരംഭിക്കാം. സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷകളുടെ ഫലമടക്കം വന്നശേഷം മാത്രമേ ബിരുദ കോഴ്‌സുകളിലേക്ക് അഡ്‌മിഷന്‍ ആരംഭിക്കുന്നുള്ളു എന്ന കാര്യം ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.

You might also like