TOP NEWS| ‘ഇപ്പോൾ നിലനിൽക്കുന്ന ഒന്നിനും കുറവു വരില്ല’; ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: മുസ്‌ലിം വിദ്യാർത്ഥികൾക്കായി നടപ്പാക്കിയ സ്‌കോളർഷിപ്പ് പദ്ധതി ജനസംഖ്യാനുപാതികമായി പുനഃക്രമീകരിച്ച തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ക്രമീകരണത്തിൽ ഒരു സമുദായത്തിനും ആനുകൂല്യങ്ങളിൽ കുറവു വരില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈക്കോടതി വിധി അനുസരിച്ചാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.u
‘ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ എന്താണ് മാറ്റം വരുത്താനുള്ളത്. വിഷയത്തിൽ ഹൈക്കോടതിയുടെ ഒരു വിധി വന്നു. അതിൽ പറയുന്നത് എന്താണ്? ഇത് ഈ തരത്തിൽ വിവേചനപരമായി ചെയ്യാൻ പറ്റില്ല. അപ്പോൾ നിലനിൽക്കുന്ന പ്രശ്‌നം, ഇപ്പോൾ കിട്ടുന്ന കൂട്ടർക്ക് ഏതെങ്കിലും തരത്തിലുള്ള കുറവു വന്നാൽ അത് ദോഷകരമായിട്ട് വരും. ഇപ്പോൾ നിലനിൽക്കുന്ന ഒന്നിനും കുറവു വരില്ല. അതേസമയം, മൊത്തമായി ജനസംഖ്യാനുപാതത്തിലാകുകയും ചെയ്യും. എല്ലാവർക്കും സന്തോഷിക്കാനുള്ള കാര്യമേയുള്ളൂ. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് അടക്കം ആദ്യം ആ കാര്യം സ്വാഗതം ചെയ്യാൻ തോന്നിയത്. ഒരു കുറവും വരില്ല. ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ട’- മുഖ്യമന്ത്രി പറഞ്ഞു.