TOP NEWS| ഭാരതത്തിലെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നു: അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ ഇന്ത്യയിലെ സാഹചര്യവും ചര്‍ച്ചയായി
ഭാരതത്തിലെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നു: അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ ഇന്ത്യയിലെ സാഹചര്യവും ചര്‍ച്ചയായി
വാഷിംഗ്‌ടണ്‍ ഡി.സി: അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) അമേരിക്കന്‍ മെത്രാന്‍സമിതിയുടെ സഹകരണത്തോടെ ജൂലൈ 13 മുതല്‍ 15 വരെ വാഷിംഗ്‌ടണ്‍ ഡി.സി യില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടി (ഐ.ആര്‍.എസ്) യില്‍ ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമങ്ങളും ക്രൈസ്തവരുടെ അവസ്ഥയും ചര്‍ച്ചാവിഷയമായി. ഈ നിയമങ്ങളുടെ പേരില്‍ പേരില്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ബൈഡന്‍ ഭരണകൂടം ശബ്ദമുയര്‍ത്തണമെന്ന്‍ ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടതായി വാഷിംഗ്‌ടണ്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മതസ്വാതന്ത്ര്യ ലംഘനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിലെ മേരിലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍ (ഐ.സി.സി) ആണ് ഉച്ചകോടിയില്‍ ഭാരതത്തിലെ മതപരിവര്‍ത്തന നിരോധന നിയമത്തെ സംബന്ധിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചത്. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിന് ഉപയോഗിക്കപ്പെടുന്നുണ്ടെന്ന്‍ ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ജാമി റാസ്കിൻ ഭാരതത്തിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.