പബ്ജി കളിക്കാന്‍ അമ്മ അറിയാതെ മക്കള്‍ അക്കൗണ്ടില്‍നിന്നു പിന്‍വലിച്ചത് വന്‍ തുക

0

കോഴിക്കോട്: പബ്ജി കളിക്കാന്‍ അമ്മ അറിയാതെ അക്കൗണ്ടില്‍നിന്നു മക്കള്‍ പിന്‍വലിച്ചത് വന്‍ തുക. ഓണ്‍ലൈന്‍ ഗെയിം കളിക്കാനായി ഒരു ലക്ഷത്തിലധികം രൂപയാണ് മക്കള്‍ പിന്‍വലിച്ചത്. അക്കൗണ്ടില്‍ നിന്നും പണം നഷ്ടമാകുന്നതായി കാണിച്ച്‌ വീട്ടമ്മ കോഴിക്കോട് സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മക്കള്‍ ഓണ്‍ലൈന്‍ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്.

ഒന്‍പതിലും പത്തിലും പഠിക്കുന്ന 2 മക്കളും ബന്ധുവായ കുട്ടിയും ചേര്‍ന്നാണ് പണം ചെലവഴിച്ചത്. ഓണ്‍ലൈന്‍ പഠനത്തിനാണ് മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണും ടാബും വാങ്ങി നല്‍കിയതെന്ന് വീട്ടമ്മ പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. നിരോധിച്ച ഓണ്‍ലൈന്‍ ഗെയിമായ ‘പബ്ജി’യാണ് ഇവര്‍ കളിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

അമ്മയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് പാസ്‍വേഡും മറ്റു വിവരങ്ങളും അറിയാവുന്ന കുട്ടികള്‍ ഗെയിമിന്റെ പുതിയ ഘട്ടങ്ങള്‍ പിന്നിടാന്‍ അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയപ്പോഴും കുട്ടികള്‍ ഇക്കാര്യം അറിയിച്ചില്ല. പിന്നീട് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്.

You might also like