മാര്‍പാപ്പയുടെ ഹംഗറി, സ്ലോവാക്യ പര്യടനം സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ

0

വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി, സ്ലോവാക്യ പര്യടനം സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ നടക്കുമെന്ന് വത്തിക്കാന്‍. 12നു രാവിലെ റോമില്‍നിന്നു വിമാനം കയറുന്ന മാര്‍പാപ്പ ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ഇറങ്ങും. പ്രസിഡന്റ്, പ്രധാനമന്ത്രി, മെത്രാന്‍മാര്‍, എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രതിനിധികള്‍, യഹൂദ പ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 52ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപനത്തോട് അനുബന്ധിച്ച് ദിവ്യബലി അര്‍പ്പിച്ചശേഷം സ്ലോവാക്യയിലേക്കു പോകും. 13ന് സ്ലോവാക്യന്‍ പ്രസിഡന്റ്, മെത്രാന്മാര്‍, പുരോഹിതന്മാര്‍, മതനേതാക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. പിറ്റേന്ന് റോമ (നാടോടി) സമുദായവുമായി കൂടിക്കാഴ്ച. ഫ്രാന്‍സിസ് മാര്‍പാപ്പ 15ന് സാസ്റ്റിനില്‍ ദിവ്യബലി അര്‍പ്പിച്ചശേഷം റോമിലേക്കു മടങ്ങും.

അതേസമയം കോവിഡ് പ്രതിരോധ കുത്തിവയ്പ് പൂര്‍ണ്ണമായി എടുത്തവര്‍ക്ക് മാത്രമേ സ്ലോവാക്യയില്‍ ഫ്രാൻസിസ് മാർപാപ്പ സന്ദര്‍ശിക്കുന്ന ഇടയിടങ്ങളില്‍ പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി വ്‌ളാഡിമർ ലെങ്‌വാർസ്‌ക വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയുടെ 76%വും ക്രൈസ്തവരാണ്. പാപ്പയുടെ സന്ദര്‍ശന പശ്ചാത്തലത്തില്‍ നിബന്ധന വഴി വാക്സിനേഷന്‍ നിരക്ക് ഉയര്‍ത്താനാണ് ഭരണകൂടത്തിന്റെ പദ്ധതി. നിലവിലെ നിയമങ്ങൾ‌ അനുവദിക്കുന്നതിനേക്കാൾ‌ കൂടുതൽ‌ ആളുകൾ‌ക്ക് പാപ്പയുടെ സന്ദര്‍ശന പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

You might also like