ദുബായ് വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ആര്‍ക്കും പരിക്കില്ല
അബുദാബി: ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച രാവിലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടാക്സിവേയിലാണ് സംഭവം. പ്രമുഖ വിമാനകമ്ബനികളായ ഫ്ളൈ ദുബൈയുടെയും ബഹ്റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് എയറിന്റെയും ചെലവ് കുറഞ്ഞ യാത്ര വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.
കിര്‍ഗിസ്ഥാനിലേക്ക് യാത്ര പുറപ്പെട്ട സമയത്താണ് ബോയിങ് 737-800 വിമാനം അപകടത്തില്‍പ്പെട്ടതെന്ന് ഫ്ളൈ ദുബൈ അറിയിച്ചു. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫ്ളൈ ദുബൈ അറിയിച്ചു.
ഗള്‍ഫ് എയര്‍ വിമാനത്തിന്റെ വാലിലാണ് ബോയിങ് വിമാനം ഇടിച്ചത്. ബഹ്റൈന്‍ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടുന്ന വേളയിലാണ് അപകടം ഉണ്ടായതെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. കൂട്ടിയിടിയെ തുടര്‍ന്ന് രണ്ടു മണിക്കൂര്‍ നേരം രണ്ട് റണ്‍വേയുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.