ഒരിടവേളക്കു ശേഷം തലസ്ഥാനത്ത് ബൈക്ക് റേസിംഗ് തലപൊക്കുന്നു, കോവളം ബൈപാസില്‍ അഞ്ചംഗ സംഘത്തെ കുടുക്കി വീട്ടമ്മമാരുടെ ഇടപെടല്‍

0

തിരുവനന്തപുരം: തിരുവനന്തപുരം മുക്കോല ബൈപാസില്‍ ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച്‌ ബൈക്ക് റേസിംഗ് നടത്തിയ യുവാക്കളെ പൊലീസ് പിടികൂടി. സായാഹ്ന സവാരിക്കിറങ്ങിയ വഴിയാത്രക്കാരായ സ്ത്രീകളുടെ ഇടപെടലാണ് യുവാക്കളെ കുടുക്കിയത്. കോവളം – മുക്കോല ബൈപാസിലെ കല്ലുവെട്ടാന്‍കുഴിയില്‍ വച്ചാണ് സംഭവം.

കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടുകൂടി അഞ്ചംഗ സംഘം പ്രദേശത്ത് വലിയ ശബ്ദത്തില്‍ ബൈക്ക് റേസിംഗ് നടത്തുകയായിരുന്നു. കല്ലുവെട്ടാന്‍കുഴി ബൈപ്പാസിലൂടെ നടക്കാനിറങ്ങിയ സ്ത്രീകളുടെ അടുത്തെത്തി വലിയ ശബ്ദത്തില്‍ ബൈക്ക് റേസ് ചെയ്തു പോകുകയായിരുന്നു. ബൈക്കിന്റെ ശബ്ദം കേട്ട് ഭയന്ന സ്ത്രീകള്‍ പേടിച്ച്‌ പൊലീസില്‍ അറിയിക്കുകയായിരുന്നു. വിഴിഞ്ഞം പൊലീസ് ഉടന്‍ എത്തി യുവാക്കളെ റോഡില്‍ തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്തു.

ബാലരാമപുരം സ്വദേശികളായ മനീഷ്(20), തൗഫീക്ക്(20), പൂവാര്‍ സ്വദേശി അഫ്‌സല്‍ അലി(18), അമരവിള സ്വദേശി സൂര്യ(22) കാരയ്ക്കാമണ്ഡപം സ്വദേശി ഷെഹിന്‍(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബൈക്കുകളില്‍ നമ്ബര്‍ പ്ലേറ്റുകളും അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസന്‍സും ഇല്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. യുവാക്കളെയും ഇവര്‍ ഓടിച്ചിരുന്ന ആഡംബര ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.

ഒന്നര വര്‍ഷം മുമ്ബ് കോവളം – മുക്കോല ബൈപാസില്‍ ബൈക്ക് റേസിംഗിനിടെ വണ്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചിരുന്നു. ബൈക്കോട്ട മത്സരത്തിനിടയിലുണ്ടായ മറ്റൊരു അപകടത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് ബൈപ്പാസിലെ ഓടയില്‍ വീണ് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചിരുന്നു.

You might also like