കൊവിഡ്: ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് മൊറട്ടോറിയം വേണമെന്ന് ലോകാരോഗ്യ സംഘടന, നടപടി ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളെ സഹായിക്കാന്‍, അറിയാം ബൂസ്റ്റര്‍ ഷോട്ടുകളെ കുറിച്ച്‌

0

വാഷിംഗ്‌ടണ്‍: കൊവിഡ് വൈറസ് വാക്സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍കള്‍ക്ക് സെപ്തംബര്‍ വരെ മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. സാമ്ബത്തികമായി ശക്തിയുള്ള രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസുകള്‍ ശേഖരിക്കാനായി മുന്നിട്ടിറങ്ങിയതോടെ ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വാക്സിന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായതിനാലാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നിറുത്തണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. (കൊവിഡിനെ പ്രതിരോധിക്കാന്‍ സാധാരണ രണ്ട് ഡോസ് വാക്സിനാണ് എടുക്കുന്നത്. ഇതിന് ശേഷം മൂന്നാമതായി ഒരു ഡോസ് വാക്‌സിന്‍ കൂടി നല്‍കുന്നതിനെയാണ് ബൂസ്റ്റര്‍ ഷോട്ട് എന്ന് പറയുന്നത്. ജനിതകവ്യതിയാനം സംഭവിച്ച ഡെല്‍റ്റ വകഭേദം പോലുള്ള വൈറസുകള്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ വ്യാപിക്കുന്നതായി കണ്ടതോടെ ഇതിനെതിരെ പ്രതിരോധം തീര്‍ക്കാനാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നത്. സമ്ബന്ന രാജ്യങ്ങളാണ് കൂടുതലും ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നത്)

എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ ജനസംഖ്യയുടെ പത്തുശതമാനം പേര്‍ക്കെങ്കിലും കൊവിഡ് പ്രതിരോധന കുത്തിവയ്പ്പ് നല്‍കാന്‍ വേണ്ടിയാണ് തങ്ങളുടെ അഭ്യര്‍ത്ഥന എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ‘ഡെല്‍റ്റ വൈറസില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സര്‍ക്കാരുകളുടെയും ശ്രദ്ധ മനസിലാക്കുന്നുവെന്നും എന്നാല്‍, ലോകത്ത് കൂടുതല്‍ ദുര്‍ബലരായ ആളുകള്‍ സുരക്ഷിതരല്ലാതെ കഴിയുകയാണെന്നും ഡബ്ല്യുഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.

ലോകമെമ്ബാടുമുള്ള നാല് ബില്ല്യണിലധികം വാക്‌സിന്‍ ഡോസുകളില്‍ എണ്‍പതു ശതമാനത്തിലധികവും ഉയര്‍ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് ഉപയോഗിക്കുന്നത്. കണക്കുകള്‍ നോക്കുമ്ബോള്‍ ഇത് ലോക ജനസംഖ്യയുടെ വെറും പത്തുശതമാനം മാത്രമേ വരുന്നുളളൂ. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ ഓരോ 100 പേര്‍ക്കും 1.5 ഡോസുകള്‍ മാത്രമാണ് നല്‍കിയത്. എന്നാല്‍ സമ്ബന്ന രാജ്യങ്ങളില്‍ 100 പേര്‍ക്കും ഏകദേശം 100 ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഇതുവരെ ആകെ ജനസംഖ്യയുടെ കാല്‍ഭാഗം പോലും മുഴുവന്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. അതേസയമം, ജര്‍മ്മനി,ഇസ്രയേല്‍, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ ബൂസ്റ്റര്‍ വാക്‌സിനേഷനുവേണ്ടിയുള്ള നടപികളുമായി മുന്നോട്ടുപോവുകയാണ്.

You might also like