യുകെയുടെ റെഡ് ലിസ്റ്റില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കും; ഇളവുകള്‍ ഞായര്‍ മുതല്‍ പ്രാബല്യത്തില്‍

0

ലണ്ടന്‍: അടുത്തയാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുമെന്ന് യുകെ സര്‍ക്കാര്‍. ആഗസ്റ്റ് എട്ട് പുലര്‍ച്ചെ 4 മണി മുതല്‍ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്നും ആംബര്‍ ലിസ്റ്റിലേക്ക് മാറ്റുമെന്ന് യുകെ ഭരണകൂടം അറിയിച്ചു. ഇന്ത്യ കൂടാതെ മറ്റ് മൂന്ന് രാജ്യങ്ങളെയും റെഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യുഎഇ, ഖത്തര്‍, ബഹ്‌റെയ്ന്‍ തുടങ്ങിയവയാണ് ഇളവുലഭിച്ച മറ്റ് രാജ്യങ്ങള്‍. ഇന്ത്യയെ റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് കഴിഞ്ഞ ഏപ്രിലിലായിരുന്നു.

ആംബര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും യുകെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലണ്ടനില്‍ വിമാനമിറങ്ങുന്നതിന് മൂന്ന് ദിവസം മുമ്ബെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ നിര്‍ബന്ധമായും കരുതണം. യുകെയില്‍ എത്തികഴിഞ്ഞാല്‍ രണ്ടു തവണ കൊവിഡ് പരിശോധനയും നടത്തേണ്ടതാണ്. ഇതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യണം. യുകെ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോമും പൂരിപ്പിക്കണം. അതേസമയം ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യക്കാര്‍ 10 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

You might also like