TOP NEWS| ചൈനയിൽ വീണ്ടും കോവിഡ് തരംഗം; കൊറോണയ്ക്ക് പിന്നിൽ ചൈനീസ് ലാബ്, നിര്‍ണായക തെളിവുകൾ ശേഖരിച്ചെന്ന് റിപ്പോർട്ട്
ചൈനയിൽ വീണ്ടും കോവിഡ് തരംഗം; കൊറോണയ്ക്ക് പിന്നിൽ ചൈനീസ് ലാബ്, നിര്‍ണായക തെളിവുകൾ ശേഖരിച്ചെന്ന് റിപ്പോർട്ട്
ബീജിംഗ്: ഒന്നരവർഷത്തിനു ശേഷം ചൈനയിൽ വീണ്ടും കൊറോണവൈറസ് വ്യാപിക്കുകയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു നഗരത്തിൽ മാത്രം 1.12 കോടി ജനങ്ങളെയാണ് പരിശോധിച്ചത്. കൊറോണവൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത പ്രദേശത്ത് തന്നെയാണ് കോവിഡ്–19 ന്റെ പുതിയ വകഭേദവും കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ വുഹാനിലെ ലാബില്‍ നിന്നാണോ കോവിഡ്–19 പടര്‍ന്നതെന്ന് തെളിയിക്കുന്ന രേഖകളുടെ നിര്‍ണായക പരിശോധനയിലാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളെന്ന സിഎന്‍എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
വുഹാനിലെ ലാബില്‍ പരിശോധിച്ചിരുന്ന വൈറസുകളുടെ നിര്‍ണായക വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസിന്റെ ഉല്‍ഭവം സംബന്ധിച്ച വിവാദത്തില്‍ വ്യക്തത വരുത്താന്‍ 90 ദിവസത്തെ സമയം ബൈഡന്‍ ഭരണകൂടം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിരുന്നു.
വൈറസുകളുടെ പഠനം പോലുള്ള വിപുലമായ വിവരശേഖരണം ആവശ്യമായ വിഷയങ്ങള്‍ സാധാരണ ക്ലൗഡ് സെര്‍വറുകളിലാണ് ഗവേഷകര്‍ സൂക്ഷിക്കാറ്. ഇത്തരം സെര്‍വറുകളില്‍ നിന്നാകാം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഹാക്കര്‍മാര്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ ശേഖരിക്കുമ്പോള്‍ പോലും യാതൊരു പ്രയോജനവുമില്ലാത്ത വലിയ വിവരശേഖരത്തില്‍ നിന്നും ആവശ്യമുള്ളത് മാത്രമായി തരംതിരിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. അതിനായി അമേരിക്കന്‍ സര്‍ക്കാരിന് കീഴിലെ 17 ഗവേഷണ സ്ഥാപനങ്ങളുടേയും സൂപ്പര്‍ കംപ്യൂട്ടറുകളുടേയും സേവനം ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്.