മെൽബണിൽ തട്ടിക്കൊണ്ടുപോയ കുട്ടികളെ കണ്ടെത്തി
ബ്ലാക്ക്ബൺ: വീടിനുള്ളിൽ അതിക്രമിച്ചു കയറി, അമ്മയെ കെട്ടിയിട്ട ശേഷം തട്ടിക്കൊണ്ടു പോയ രണ്ട് കുട്ടികളെ മെൽബണിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം 7 മണിക്ക് ശേഷമാണ് കുട്ടികളെ കണ്ടെത്തിയത്, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
“ആദില്ലയെയും, ബിലാലിനെയും സുരക്ഷിതമായും നന്നായി കണ്ടെത്താനായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇത് ഒരു അതിശയകരമായ ഒരു വിജയമാണ് ” സായുധ ക്രൈം സ്ക്വാഡ് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഡീൻ തോമസ് പറഞ്ഞു. അവരുടെ മാതാപിതാക്കൾക്കും വലിയ ആശ്വാസമുണ്ട്. ഒരു വീട്ടിൽ നിന്ന് കുട്ടികളെ ഈ തരത്തിലുള്ള മാർഗ്ഗങ്ങളിലൂടെ തട്ടികൊണ്ട് പോകുന്നതും, സമാനമായ ഏത് സംഭവവും പോലീസിനെ സംബന്ധിച്ചിടത്തോളം അതീവ ജാഗരൂഗരാക്കുന്നതും, എല്ലാ പഴുതുമടച്ചു അന്വേഷിക്കാൻ ഉത്തരവാദിത്തമുള്ളതുമാണ്. ഓസ്‌ട്രേലിയയിലെ വിശാലമായ സമൂഹത്തിനും പോലീസിലുള്ള വിശ്വാസം നിലനിർത്താൻ അത്യന്താപേക്ഷിതമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളും, മോഷ്ടിച്ച വാഹനവും കണ്ടെത്തുന്നതിനായി ക്രൈം കമാൻഡ് ഡിറ്റക്ടീവുകളും ലോക്കൽ പോലീസും സ്പെഷ്യലിസ്റ്റ് യൂണിറ്റുകളും നടത്തിയ സുപ്രധാന ഓപ്പറേഷനാണിത്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയുവാൻ കസ്റ്റഡിയിലുള്ള നാലു പേരെയും ഇന്ന് രാത്രി ചോദ്യം ചെയ്യും.
തിങ്കളാഴ്ച രാവിലെ 8 മണിക്കു ശേഷമാണ് സായുധനായ ഒരാൾ ബ്ലാക്ക്‌ബേൺ നോർത്ത് വീട്ടിൽ പ്രവേശിക്കുകയും, 32 കാരിയായ അമ്മയെ ആക്രമിക്കുകയും, കെട്ടിയിടുകയും ചെയ്ത സംഭവം നടക്കുകയും ശേഷം കുട്ടികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. സ്വയം കെട്ടുകൾ അഴിച്ച ശേഷം, അമ്മ പുറത്തേക്ക് ഓടി വഴിയാത്രക്കാരെ അറിയിക്കുകയാണ് ചെയ്തത്, പിന്നീട് പോലീസിൽ വിവരം അറിയിച്ചു.
“ഈ രണ്ട് കുട്ടികളും വലിയതായി ഭയപ്പെട്ടിട്ടുണ്ട്. എന്തിനാണ് കുട്ടികളെ കൊണ്ടുപോയതെന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്”
പരിക്കുകളോടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണ സമയത്ത് പിതാവ് ജോലിയിലായിരുന്നു, പോലീസ് അറിയിച്ചതിനെ തുടർന്ന് വീട്ടിലേക്ക് എത്തുകയായിരുന്നു.