സെപ്റ്റംബറോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ -മന്ത്രി

0

തിരുവനന്തപുരം: സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാൻ മന്ത്രി നിര്‍ദേശം നല്‍കി. പ്രതിരോധ നടപടികൾ വിലയിരുത്താനായി ആരോഗ്യ വകുപ്പിന്‍റെ അടിയന്തര യോഗം ഇന്ന് ചേർന്നു.

 

ജില്ലകളില്‍ വാക്‌സിനേഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നും വാക്‌സിന്‍ വിതരണത്തില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. സിറിഞ്ചുകളുടെ ക്ഷാമം പരിഹരിച്ചുവരികയാണ്. 1.11 കോടി ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കും.

 

ഒന്നേമുക്കാല്‍ വര്‍ഷമായി കോവിഡ് പ്രതിരോധത്തിനായി സമര്‍പ്പിതമായ സേവനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. ഓണം കഴിഞ്ഞതോടെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഏതു സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കണം.

 

You might also like