TOP NEWS| കൊടും ഭീകരർ രാജ്യത്തേക്ക് കടക്കാൻ സാധ്യത; സുരക്ഷാ കാര്യത്തിൽ അശ്രദ്ധപാടില്ല, രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
കൊടും ഭീകരർ രാജ്യത്തേക്ക് കടക്കാൻ സാധ്യത; സുരക്ഷാ കാര്യത്തിൽ അശ്രദ്ധപാടില്ല, രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
ദില്ലി: ഡൽഹി വിമാനത്താവളത്തിന് ഭീകരാക്രമണ ഭീഷണി. ആക്രമണം സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിൽ കർശന സുരക്ഷാ ഏർപ്പെടുത്തി. യാത്രക്കാരെ കർശന പരിശോധനയ്‌ക്ക് ശേഷമാണ് കടത്തിവിടുന്നത്. ഓരോ ലഗേജും ഹാൻഡ്‌ബാഗും പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ട്. രാജ്യത്തെ തിരക്കേറിയ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ വർദ്ധിപ്പിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു .
ചെക്ക്-ഇൻ ലഗേജിൽ ടൈം ബോംബ് അല്ലെങ്കിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചുണ്ടെങ്കിൽ പിടികൂടാനാകുമെന്ന് വിമാനത്താവള സുരക്ഷാ അധികൃതർ അറിയിക്കുന്നു. എല്ലാ യാത്രക്കാരെയും വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. യാത്രക്കാർ കൃത്യസമയത്ത് വിമാത്താവളത്തിനുള്ളിൽ പ്രവേശിക്കണം, സുരക്ഷാ കാര്യത്തിൽ അശ്രദ്ധ പാടില്ലെന്നും ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
അഫ്ഗാനിസ്താനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും, ജമ്മുകശ്മീരിലേക്ക് ഭീകരർ പ്രവേശിക്കാനിടയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളെയും അടിസ്ഥാനമാക്കിയാണ് സുരക്ഷാ നടപടി. കൊടും ഭീകരർ ജമ്മു കശ്മീരിലേക്ക് കടന്നതായി സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ അഫ്ഗാനിസ്താനിൽ നിന്ന് പലായനം ചെയ്ത ഭീകരരും ഉണ്ട്. ഇത് കണക്കിലെടുത്താണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ആഗസ്റ്റ് 15, ജനുവരി 26 എന്നീ ദിവസങ്ങളിൽ ഭീകരാക്രമണ മുന്നറിയിപ്പുണ്ടായതിനെ തുടർന്ന് വിമാനത്താവളത്തിന് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.