TOP NEWS| 18 മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കയിൽ ആക്രമിക്കപ്പെട്ടത് 95 ക്രൈസ്തവ ദേവാലയങ്ങള്‍; വൈദികര്‍ക്കെതിരെ വധശ്രമങ്ങളും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട്‌

0

വാഷിംഗ്‌ടണ്‍: കഴിഞ്ഞ വര്‍ഷം മെയ് മാസം മുതലുള്ള 18 മാസങ്ങള്‍ക്കുള്ളില്‍ തൊണ്ണൂറ്റിയഞ്ചോളം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ റിപ്പോര്‍ട്ട്. തീവെയ്പ്പ്, വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ക്കല്‍, ദേവാലയ ഭിത്തികള്‍ ചുവരെഴുത്തുകളാല്‍ വികൃതമാക്കല്‍, ജനലുകളുടെ ചില്ലുകള്‍ തകര്‍ക്കല്‍ തുടങ്ങിയ വിവിധ തരത്തിലുള്ള ആക്രമങ്ങള്‍ക്ക് പുറമേ, വൈദികര്‍ക്കെതിരെയുള്ള വധശ്രമങ്ങളും അരങ്ങേറിയിട്ടുണ്ടെന്നാണ് ‘യുണൈറ്റഡ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ്’ (യു.എസ്.സി.സി.ബി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിഷയം സംബന്ധിച്ച സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവരുവാനിരിക്കേയാണ് മെത്രാന്‍ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുള്ളത്. അമേരിക്കയിലെ കത്തോലിക്ക ദേവാലയങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. മെത്രാന്‍ സമിതിക്ക് പുറമേ, വിവിധ സംഘടനകളും മാധ്യമങ്ങളും സമാന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. നാഷണല്‍ കാത്തലിക് രജിസ്റ്റര്‍ ജൂലൈ മാസത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ എഴുപത്തിയഞ്ചോളം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 7ന് വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ദേവാലയങ്ങള്‍ക്കെതിരെയുള്ള തൊണ്ണൂറ്റിമൂന്നോളം അക്രമസംഭവങ്ങള്‍ മെത്രാന്‍ സമിതി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

റിപ്പോര്‍ട്ട് പുറത്തുവന്ന്‍ വെറും 3 ദിവസങ്ങള്‍ക്കുള്ളില്‍ 2 സംഭവങ്ങള്‍ കൂടി മെത്രാന്‍ സമിതി രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മിസ്സൌറിയിലെ ബെനഡിക്ടന്‍ കോണ്‍വെന്റ് പരിസരത്ത് വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍വെന്റിന്റെ സുപ്പീരിയറിന്റെ കിടപ്പ് മുറിയുടെ ഭിത്തിയില്‍ വെടിയുണ്ടയുടെ പാടുകളും കണ്ടെത്തുകയുണ്ടായി. വാഷിംഗ്‌ടണ്‍ ഡിസിയിലെ ഇടവക സ്കൂള്‍ കെട്ടിടം അഗ്നിക്കിരയാക്കിയതും ഇതേമാസം തന്നെയാണ്. ഭാഗ്യവശാല്‍ ഇവിടെയുണ്ടായിരിന്ന വൈദികന് തന്റെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞു. കാലിഫോര്‍ണിയയിലെ 249 വര്‍ഷങ്ങളുടെ പഴക്കമുള്ള മിഷന്‍ മിഷന്‍ ദേവാലയവും സമാനമായ ആക്രമത്തിനിരയായിരിന്നു.

You might also like