TOP NEWS| വടക്കു കിഴക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന ആക്രമണങ്ങളില്‍ ആശങ്കയുമായി ക്രൈസ്തവര്‍

0

 

ഡമാസ്ക്കസ്: വടക്കു കിഴക്കന്‍ സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതില്‍ ആശങ്കയുമായി മേഖലയിലെ ക്രിസ്ത്യന്‍ സമൂഹം. തുര്‍ക്കിയുടെ നേതൃത്വത്തിലുള്ള സമീപകാല സൈനീക നടപടികള്‍ നിരവധി ക്രിസ്ത്യാനികളേയും, മതന്യൂനപക്ഷ അംഗങ്ങളേയും ഭവനരഹിതരാക്കിയിട്ടുണ്ടെന്നാണ് ക്രിസ്ത്യന്‍ നേതാക്കള്‍ പറയുന്നത്. ടെല്‍ ടാമെര്‍ എന്ന ക്രൈസ്തവ ഭൂരിപക്ഷ പട്ടണത്തിനെതിരെ സമീപ ദിവസങ്ങളില്‍ തുര്‍ക്കി നടത്തിയ ബോംബാക്രമണങ്ങളാണ് ഇപ്പോഴത്തെ ആശങ്കക്ക് കാരണമായത്.

തുര്‍ക്കി നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ടു സ്കൂളുകളും, മുനിസിപ്പാലിറ്റി കെട്ടിടവും, ഒരു ബേക്കറിയും, വൈദ്യത ലൈനും തകര്‍ന്നതായി വടക്കു കിഴക്കന്‍ സിറിയയിലെ പ്രമുഖ ക്രിസ്ത്യന്‍ പോരാളി സംഘടനയായ സിറിയക്ക് മിലിട്ടറി കൗണ്‍സിലിന്റെ വക്താവായ മതായി ഹന്ന ‘വോയിസ് ഓഫ് അമേരിക്ക’ (വി.ഒ.എ) എന്ന വാര്‍ത്ത മാധ്യമത്തോട് വെളിപ്പെടുത്തി. സിവിലിയന്‍ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് നിരോധിക്കുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണ് തുര്‍ക്കിയുടെ നടപടിയെന്നും മതായി ഹന്ന ആരോപിച്ചു.

സിറിയ തുര്‍ക്കി അതിര്‍ത്തി മേഖലകളില്‍ തുര്‍ക്കി നടത്തിവരുന്ന ആക്രമണങ്ങള്‍ അസ്സീറിയന്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ക്രിസ്ത്യാനികളുടെ പലായനത്തിന് കാരണമായിട്ടുണ്ടെന്നാണ് ‘സിറിയക് നാഷണല്‍ കൗണ്‍സില്‍’ പ്രസിഡന്റ് ബാസം ഇഷാക്ക് പറയുന്നത്. തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രാലയം ഈ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

You might also like