നീളം 676 കിലോമീറ്റർ; മാമ്മോത്ത് ഗുഹയ്ക്ക് കേരളത്തേക്കാൾ നീളം!
ലോകത്തിലെ ഏറ്റവും വലിയ ഗുഹാസംവിധാനമായ മാമ്മോത്ത് ഗുഹയുടെ നീളം നിർണയിച്ച് ശാസ്ത്രജ്ഞർ. പുതിയ വിവര പ്രകാരം 676 കിലോമീറ്ററാണ് ഈ ഗുഹാഭീമന്റെ നീളം. കേരള സംസ്ഥാനത്തിന്റെ വടക്കു മുതൽ തെക്കുവരെയുള്ള നീളം 585 കിലോമീറ്ററാണ്. അതായത് മാമ്മോത്ത് ഗുഹയ്ക്ക് കേരളത്തേക്കാൾ നീളമുണ്ടെന്ന് അർഥം.
യുഎസിലെ കേവ് റിസർച് ഫൗണ്ടേഷൻ എന്ന ശാസ്ത്ര പര്യവേക്ഷണ സംഘടനയാണ് ഗുഹയ്ക്കുള്ളിൽ പര്യവേക്ഷണം നടത്തിയത്. മാസങ്ങളെടുത്തുള്ള ഈ യജ്ഞത്തിൽ ധാരാളം വെല്ലുവിളികൾ ഇവർക്കു നേരിടേണ്ടി വന്നു. ചിലയിടത്ത് കുത്തനെയുള്ള പാറകളുണ്ടായിരുന്നു. മറ്റുചിലടത്ത് ആഴത്തിൽ തളംകെട്ടി നിൽക്കുന്ന വെള്ളവും ചെളിയും. ഇതെല്ലാം പിന്നിട്ടാണ് സമഗ്രമായ അളവെടുക്കൽ പൂർത്തിയാക്കിയത്.