ഇനി ആരോഗ്യ കാർഡും; ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാൻ സംവിധാനം
ന്യൂഡൽഹി ∙ ഓരോ പൗരന്റെയും സമ്പൂർണ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന സവിശേഷ തിരിച്ചറിയൽ കാർഡിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. ആരോഗ്യകാർഡ് ആധാറുമായി ബന്ധിപ്പിക്കാമെങ്കിലും നിർബന്ധമല്ല.
2020 ഓഗസ്റ്റ് 15ന് 6 കേന്ദ്രഭരണപ്രദേശങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനാണ് ഇന്നലെ മുതൽ രാജ്യമാകെ വ്യാപിപ്പിച്ചത്. നിലവിൽ 15.57 ലക്ഷം പേർക്ക് ആരോഗ്യകാർഡുണ്ട്.
14 അക്ക തിരിച്ചറിയൽ നമ്പറും പിഎച്ച്ആർ (പഴ്സനൽ ഹെൽത്ത് റെക്കോർഡ്സ്) വിലാസവുമാണു ലഭിക്കുക. വെർച്വൽ ഹെൽത്ത് കാർഡ് ഡൗൺലോഡ് ചെയ്യാം. ആരോഗ്യസേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഹെൽത്ത് ഐഡിയായിരിക്കും അടിസ്ഥാനം. ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റമാണിതെന്നു പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.