ലോകത്തിലേറ്റവും അധികം ദിവസം ലോക്ക്ഡൗൺ നടപ്പിലാക്കിയ നഗരമായി മെൽബൺ.
കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം മെൽബണിൽ ഇതുവരെ 246 ദിനങ്ങളാണ് ലോക്ക്ഡൗണിൽ പിന്നിട്ടത്. 245 ദിവസത്തെ ലോക്ക്ഡൗൺ റെക്കോർഡ് അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സനെയാണ് മെൽബൺ പിൻപിലാക്കിയത്.
വിക്ടോറിയക്കാർ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചെയ്ത ത്യാഗങ്ങൾ നിർണ്ണായകമാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഏതാനും ആഴ്ചകൾ മാത്രമാണ് ലോക്ക്ഡൗൺ അവസാനിക്കുന്നതിന് ബാക്കിയുള്ളതെന്നും അന്തിമ ഘട്ടത്തിലുള്ള സഹകരണത്തിനായും ആവശ്യപ്പെട്ടു അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് പുതിയ 1,377 പ്രാദേശിക രോഗബാധയും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിക്ടോറിയൻ ആശുപത്രികളിൽ കൊവിഡ് ബാധിച്ച 476 പേരാണ് നിലവിൽ ചികിത്സ തേടുന്നത്. 98 പേർ തീവ്രപരിചരണ വിഭാഗത്തിലും 57 പേർ വെന്റിലേറ്ററിലുമാണ്.
ഒക്ടോബർ 26 ഓടെ സംസ്ഥാനത്ത് 16 വയസിന് മേൽ പ്രായമുള്ള 70 ശതമാനം പേരും രണ്ടാം ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന മാർഗരേഖയനുസരിച്ച് വാക്‌സിനേഷൻ നിരക്ക് 70 ശതമാനമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പിൻവലിക്കുമെന്നാണ് മുന്നമേ അറിയിച്ചിട്ടുള്ളത്.