TOP NEWS| കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണം; പ്രതിഷേധം ശക്തമാക്കി കർഷക സംഘടനകൾ
ദില്ലി: ലഖിംപൂര്‍ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന നിലപാട് കടുപ്പിക്കാനുറച്ച് കർഷക സംഘടനകള്‍. കർഷകരുടെ പ്രതിഷേധം ശക്തമാവുന്നതിനിടെ കൂടുതൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് സംഘർഷമുണ്ടായ ലഖിംപൂരിൽ എത്തിയേക്കും. സ്ഥിതി ശാന്തമാകാതെ നേതാക്കളെ കടത്തിവിടാൻ കഴിയില്ലെന്ന് ആവർത്തിക്കുകയാണ് ജില്ലാ ഭരണകൂടം.
അതേസമയം സീതാപൂരിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രിയങ്ക ഗാന്ധിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. മരിച്ച കർഷകരുടെ ബന്ധുക്കളെ കണ്ട ശേഷമേ മടങ്ങൂ എന്ന നിലപാടിലാണ് പ്രിയങ്ക ഗാന്ധി. ലഖിംപൂര്‍ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലഖ്നൌവിൽ എത്തും. അർബൻ കോൺക്ലേവിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ലഖ്നൌവിൽ എത്തുന്നത്.