TOP NEWS| നൈജീരിയയിൽ സുവിശേഷവിരോധികളാൽ കൊല്ലപ്പെട്ട 38 ക്രൈസ്തവര്‍ക്ക് കണ്ണീരോടെ യാത്രയയപ്പ്; പങ്കെടുത്ത് ആയിരങ്ങൾ

0

 

അബൂജ: നൈജീരിയയിലെ തെക്കന്‍ കടൂണ പ്രവിശ്യയിലെ മാഡമായി, അബും ഗ്രാമങ്ങളില്‍ ഫുലാനി ഹെര്‍ഡ്സ്മാന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 38 ക്രൈസ്തവര്‍ക്ക് നൈജീരിയ കണ്ണീരോടെ യാത്രയയപ്പ് നല്‍കി. മൃതസംസ്കാര ചടങ്ങില്‍ ആയിരകണക്കിന് ആളുകളാണ് പങ്കെടുത്തത്. അതേസമയം ക്രൂരമായ നരഹത്യ നടന്നിട്ടും കടൂണ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും തന്നെ എത്തിയിരുന്നില്ലെന്നു തെക്കന്‍ കടൂണ പീപ്പിള്‍സ് യൂണിയന്റെ ഔദ്യോഗിക വക്താവ് ലൂകാ ബിന്നിയാത്ത് നല്‍കിയ വിവരങ്ങളെ ഉദ്ധരിച്ച് ‘സഹാറ റിപ്പോര്‍ട്ടേഴ്സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച 5 മണിയോടെ മാഡമായിയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയുള്ള മല്ലാഗുണില്‍ പ്രത്യേകം തയ്യാറാക്കിയ 30 അടി നീളമുള്ള കുഴിയില്‍ മൃതദേഹങ്ങള്‍ ഒരുമിച്ച് അടക്കം ചെയ്യുകയായിരുന്നു.

സംസ്ഥാന ഗവര്‍ണര്‍ എല്‍ റുഫായി, ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെതിരെ ജനങ്ങള്‍ രോഷാകുലരായി. മൃതസംസ്കാര ചടങ്ങില്‍ കാഫാന്‍ചന്‍ രൂപതാധ്യക്ഷന്‍ ജൂലിയസ് യാക്കൂബ്, റവ. മൈക്കേല്‍ കൊസ്മാസ് മാഗാജി, ഡാഞ്ചുമ ലാ, ഫാ. ബില്ലിയോക് ജോസഫ് അബ്ബാ, നൈജീരിയന്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ (സി.എ.എന്‍) കടൂണ ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഹയാബ്, തുടങ്ങിയവര്‍ വളരെ വികാരനിര്‍ഭരമായാണ് സംസാരിച്ചത്. നൈജീരിയയിലെ ക്രിസ്ത്യാനികളുടെ അവസ്ഥ അങ്ങേയറ്റം ദയനീയമാണെന്നും കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി നടന്നുവരുന്ന കൊലപാതകങ്ങള്‍ അവസാനിപ്പിക്കുവാന്‍ സംസ്ഥാന സർക്കാർ യാതൊരു താല്‍പ്പര്യവും കാണിച്ചിട്ടില്ലെന്നും സി.എ.എന്‍ സെക്രട്ടറി റവ. എഫ്രായിം കഫാങ്ങ് പപറഞ്ഞു.

You might also like