TOP NEWS| സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തല്‍ക്കാലം മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ബുധനാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത ഞായര്‍ വരെ മഴ തുടരും.
സംസ്ഥാനത്തു മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നും കേരളത്തിലുടനീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപം സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ദുർബലമായി. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് മഴയുടെ ശക്തി കുറയാനാണ് സാധ്യത. ന്യൂനമർദ്ദത്തിന്റെ അവശേഷിപ്പുകൾ തുടരുന്നതിനാൽ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്ന് വൈകീട്ട് വരെ തുടർന്നേക്കും. അതേസമയം, കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ചയോടെ വീണ്ടും മഴ ശക്തമാകും. മൂന്ന്-നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുലാവർഷം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് കിഴക്കൻ കാറ്റ് ശക്തമാകുന്നത്.