ഹെയ്തിയിൽ 17 ക്രിസ്ത്യൻ മിഷനറിമാരെ ഭീകരർ തട്ടിക്കൊണ്ടു പോയി
കരീബിയൻ രാജ്യമായ ഹെയ്തിയിൽ 17 ക്രിസ്ത്യൻ മിഷനറിമാരെ ഭീകരർ തട്ടിക്കൊണ്ടു പോയി. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള 17 മിഷനറിമാരിൽ ചിലർ പ്രായപൂർത്തിയാകാത്തവരാണ്. പതിനാറ് യുഎസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും അടങ്ങുന്ന സംഘത്തിൽ അഞ്ച് പുരുഷന്മാരും ഏഴ് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു.
രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ട ഭൂകമ്പത്തിൽ ദുരിതത്തിലാക്കിയ ഹെയ്തിയിലെ കഷ്ടത അനുഭവിക്കുന്ന ജനതയ്ക്ക് ജീവകാരുണ്യ സഹായങ്ങൾ നൽകാനാണ് മിഷനറി സംഘം ഇവിടെ എത്തിയത് .
മിഷനറിമാർ ശനിയാഴ്ച ഒരു അനാഥാലയം സന്ദർശിച്ച ശേഷം തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിന്റെ വടക്ക് ടൈറ്റാനിയനിലെ എയർപോർട്ടിലേക്കു യാത്ര ചെയ്യുമ്പോഴാണ് ഇവർ സഞ്ചരിച്ച വാഹനം അക്രമികൾ തട്ടിയെടുത്തത്.
“ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ !! ഞങ്ങളെ ബന്ദികളാക്കി, അവർ ഞങ്ങളുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി. പ്രാർത്ഥിക്കൂ പ്രാർത്ഥിക്കൂ. അവർ ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്നറിയില്ല.” തട്ടിക്കൊണ്ടു പോയ മിഷനറിമാരിൽ ഒരാളായ അമേരിക്കൻ പൗരൻ ഒരാൾക്ക് അയച്ച സന്ദേശമാണിത്.
ഇവരെ തട്ടിക്കൊണ്ടു പോയത് ആരെന്നും എവിടേക്കെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ. രാഷ്ട്രീയ അരക്ഷിതാസ്ഥ നിലനിൽക്കുന്ന ഹെയ്തിയിൽ തട്ടിക്കൊണ്ടുപോകലുകൾ നിരന്തര സംഭവങ്ങളാണ്. ജനുവരി മുതൽ കുറഞ്ഞത് 628 തട്ടിക്കൊണ്ടു പോകലുകൾ നടന്നിട്ടുണ്ട്, അതിൽ 29 വിദേശികളാണ്.