TOP NEWS| പമ്പാ ഡാം നാളെ പുലർച്ചേ 5 മണിക്ക് തുറക്കും; ഡാമിന്റെ രണ്ട് ഷട്ടറുകളാവും ഉയർത്തുക, കുട്ടനാട്ടിൽ ക്യാമ്പുകൾ തുറക്കും
പത്തനംതിട്ട: പമ്പാ ഡാം നാളെ തുറക്കും, പുലർച്ചേ 5 മണിക്ക് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തുക
കക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പമ്പാ(Pamba) തീരത്ത് ജാഗ്രതാ നിര്‍ദേശം. പമ്പ, റാന്നി, ആറന്‍മുള, ചെങ്ങന്നൂര്‍ മേഖലകളിലേക്ക് വൈകാതെ വെള്ളമെത്തുമെന്നാണ് മുന്നറിയിപ്പ്. പമ്പയില്‍ 10 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ചെങ്ങന്നൂരിൽ രാത്രിയോടെ വെള്ളം ഉയരുമെന്ന് മന്ത്രി സജി ചെറിയാൻ, ആശങ്കപെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരത്തുള്ള ആളുകളെ മാറ്റിപാർപ്പിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ പേർ ക്യാമ്പുകളിൽ എത്തിയിട്ടുണ്ട്.
അതേസമയം, ഇടുക്കിഡാം നാളെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നാളെ രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. ഷട്ടറുകള്‍ 100 സെ.മീ ഉയർത്തും. ഒരു ലക്ഷം ലിറ്റര്‍ വെള്ളം സെക്കന്‍റില്‍ പുറത്തുവിടും.
ഉന്നതതല യോഗത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായത്. ഡാമിന് സമീപത്തുള്ള 64 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നടപടി ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പുനരധിവാസം, സുരക്ഷ എന്നിവ ഉറപ്പാക്കും. മുമ്പുണ്ടായ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഡാം ഇപ്പോൾ തുറക്കുന്നത് എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.