മൂന്നാം ഘട്ട ട്രയൽ റിപ്പോർട്ട്: കോവാക്സിന് മികച്ച ഫലപ്രാപ്തി – 77.8 %
ന്യൂഡൽഹി ∙ കോവിഡിനെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ, കോവാക്സിൻ മികച്ച ഫലം നൽകുന്നതായും കാര്യമായ വിപരീതഫലമില്ലെന്നും മൂന്നാം ഘട്ട ട്രയൽ ഫലത്തെ അടിസ്ഥാനമാക്കി റിപ്പോർട്ട്. കോവാക്സിന് 77.8% ഫലപ്രാപ്തിയുണ്ടെന്നു വ്യക്തമാക്കി സമ്പൂർണ പരീക്ഷണ ഫലം ലാൻസെറ്റ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ചു.കാര്യമായ പ്രതിരോധശേഷി നൽകുന്നു, ഗുരുതര വിപരീതഫലങ്ങളില്ല എന്നിങ്ങനെയാണു വാക്സീനെക്കുറിച്ചുള്ള പൊതുവിലയിരുത്തൽ. അതേസമയം തലവേദന, തളർച്ച, പനി, കുത്തിവയ്പെടുത്ത സ്ഥലത്തെ വേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമെന്നും ഇവ 7 ദിവസത്തിനകം മാറുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ട്രയൽ പൂർത്തിയാകും മുൻപു തന്നെ വാക്സീന് അംഗീകാരം നൽകിയതും മതിയായ ഡേറ്റയുടെ അഭാവത്തിൽ ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകിയതും പലപ്പോഴും കോവാക്സിനെ വിവാദത്തിലാക്കിയിരുന്നു. ഫലപ്രാപ്തി സംബന്ധിച്ചു വ്യക്തതയ്ക്കു കൂടുതൽ പേരിൽ ട്രയൽ വേണമെന്ന ശുപാർശയും ലാൻസെറ്റ് റിപ്പോർട്ടിലുണ്ട്.2020 നവംബർ 16 മുതൽ ഈ വർഷം മേയ് 21 വരെ 25 ആശുപത്രികളിലായിരുന്നു ട്രയൽ. 24,419 പേർ പങ്കെടുത്തു. ഫലപ്രാപ്തി കൃത്യമായി മനസ്സിലാക്കാൻ, 12,221 പേർക്കു വാക്സീനും 12,198 പേർക്കു വാക്സീനെന്ന രീതിയിൽ മറ്റൊരു മരുന്നും (പ്ലാസിബോ) നൽകി. ആകെ ആളുകളിൽ 130 പേർക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ, 24 പേർ വാക്സീനെടുത്തവരും 106 പേർ പ്ലാസിബോ സ്വീകരിച്ചവരുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 77.8% ആയി ഫലപ്രാപ്തി നിശ്ചയിച്ചത്. ട്രയലിൽ പങ്കെടുത്തവരിൽ 2750 പേർ 60 വയസ്സിനു മുകളിലുള്ളവരും 5724 പേർ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി കഴിയുന്നവരുമാണ്.