TOP NEWS| സൗദിയിൽ പണപ്പെരുപ്പം വർധിക്കുന്നു; എല്ലാ മേഖലയിലും വില വർധന
സൗദിയിൽ പണപ്പെരുപ്പം ഒക്ടോബറിൽ നേരിയ തോതിൽ വർധിച്ചു. പെട്രോൾ വില ഉയർന്നതാണ് ഇപ്പോഴത്തെ കാരണം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി എല്ലാ മേഖലയിലും ചിലവ് വർധിച്ചിരുന്നു. മൂല്യ വർധിത നികുതി പതിനഞ്ച് ശതമാനമാക്കിയതോടെയാണ് പണപ്പെരുപ്പം തുടങ്ങിയത്. ഇതോടെ എല്ലാ മേഖലയിലും ജീവിത ചിലവ് വർധിച്ചിരുന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്ക് പുറത്തു വിട്ടത്. ഒക്ടോബറിൽ പൂജ്യം ദശാംശം എട്ടു ശതമാനമാണ് പണപ്പെരുപ്പം വർധിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് നേരിയ വർധനവാണിത്. പണപ്പെരുപ്പത്തിന്റെ പ്രധാന കാരണം മൂല്യ വർധിത നികുതി ഉയർത്തിയതാണ്. നിലവിൽ ജീവിതച്ചെലവ് സൂചിക 105 പോയിന്റാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പെട്രോൾ വില വർധിച്ചതാണ് വീണ്ടും പണപ്പെരുപ്പം നേരിയ തോതിൽ ഉയരാൻ കാരണം. ഇത് എല്ലാ മേഖലയിലും വില വർധനവിന് കാരണമായിട്ടുണ്ട്.