മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷന്‍ ചെയ്യണം, കേരളത്തിന്‍റെ സുരക്ഷ ഉറപ്പാക്കണം; പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷേധിച്ച് എംപിമാര്‍
ദില്ലി: മുല്ലപ്പെരിയാറില്‍ തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പാര്‍ലമെന്‍റനകത്തും പുറത്തും ആവശ്യപ്പെട്ട് കേരള എംപിമാര്‍. യുഡിഎഫ്, കേരള കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധിച്ചു. തമിഴ്നാട് കേരളത്തെ പീഡിപ്പിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി. വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു.
തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം, നിലവിലെ ഡാം ഡി കമ്മിഷന്‍ ചെയ്യണം, പുതിയ ഡാം നിര്‍മിച്ച് കേരളത്തിന്‍റെ സുരക്ഷ ഉറപ്പാക്കണം എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാണ് എംപിമാര്‍ പ്രതിഷേധിച്ചത്. യുഡിഎഫ് എംപിമാരുടെ പ്രതിഷേധത്തിന് പിന്തുണയുമായി സുരേഷ് ഗോപിയും എത്തി. പാര്‍ലമെന്‍റ് കവാടത്തിലാണ് ജോസ് കെ മാണിയും തോമസ് ചാഴികാടനും പ്രതിഷേധിച്ചത്. അടൂര്‍ പ്രകാശും ഡീന്‍ കുര്യാക്കോസും ലോക്സഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയിരുന്നു. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കുകയും ചെയ്തു.