ഊട്ടി വെല്ലിഗ്ടണ്‍ മദ്രാസ് റെജിമെന്‍റ് സെന്‍ററില്‍ പൊതുദര്‍ശനം തുടങ്ങി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഗവർണർ എന്നിവർ പങ്കെടുക്കുന്നു

0


കൂനൂർ (ഊട്ടി): കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിൽ പൊതുദർശനം തുടങ്ങി. തമിഴ്നാട് ഗവർണർ ആർ.എൻ.രവി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മറ്റു സൈനിക ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നു. സംഭവത്തിൽ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയിൽ 11.30നും ലോക്സഭയിൽ 12.15നും പ്രസ്താവന നടത്തും.

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്കാരം നാളെ ഡൽഹിയിൽ നടത്തും. മൃതദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിക്കും. മറ്റു സൈനികരുടെ മൃതദേഹം വെല്ലിഗ്ടണ്‍ മദ്രാസ് റെജിമെന്‍റ് സെന്‍ററിലെ പൊതുദര്‍ശനത്തിനു ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.

ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, ഹവിൽദാർ സത്പാൽ, നായികുമാരായ ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായികുമാരായ വിവേക് കുമാർ, ബി.സായ് തേജ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.

You might also like