മാസ്കില്ലാതെ സംഗീത പരിപാടി; ഹിൽസോംഗ് ചർച്ചിന് പിഴ നൽകണമെന്ന് പ്രീമിയർ; മാപ്പുപറഞ്ഞ് ഹിൽസോംഗ്

0

‍ഹില്‍സോംഗ് ചര്‍ച്ച് ന്യൂ സൗത്ത്‌ വെയിൽസിലെ (NSW) ന്യൂകാസിലിൽ സംഘടിപ്പിച്ച വേനല്‍ക്കാല ക്യാംപിലെ സംഗീത നൃത്ത പരിപാടിയാണ് വിവാദമായിരിക്കുന്നത്. മാസ്‌ക്‌ ഇല്ലാതെയും, സാമൂഹ്യ അകലം പാലിക്കാതെയും ക്യാംപില്‍ പങ്കെടുത്തവര്‍ പാട്ടുപാടുന്നതിന്‌റെയും നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്കായാണ് ഹില്‍സോംഗ് ചര്‍ച്ച് ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപില്‍ പങ്കെടുത്തവര്‍ മാസ്‌ക് ധരിക്കാതെ പാട്ടുപാടുന്നതിന്റെയും, സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ ചര്‍ച്ചിന്റെ തന്നെ സാമൂഹ്യമാധ്യമ സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കെട്ടിടങ്ങള്‍ക്കുള്ളിലും പുറത്തും നൃത്ത-സംഗീത പരിപാടികള്‍ വിലക്കിയിരിക്കുകയാണ്. ഒമിക്രോണ്‍ വൈറസ് ബാധ അതിവേഗം കൂടുന്ന പശ്ചാത്തലത്തിലാണ് ഈ വിലക്ക്.

മതപരമായ ചടങ്ങുകളെ ഈ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഹില്‍സോംഗ് ചര്‍ച്ചിന്റെ ക്യാംബിലെ സംഗീത നൃത്തപരിപാടി മതപരമായ ചടങ്ങായി അങ്ങീകരിക്കാൻ കഴിയില്ലെന്ന് NSW ആരോഗ്യമന്ത്രി ബ്രാഡ് ഹസാര്‍ഡ് ചൂണ്ടിക്കാട്ടി. ഉടന്‍ തന്നെ സംഗീത-നൃത്തപരിപാടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് NSW ആരോഗ്യവകുപ്പ് ഹില്‍സോംഗ് ചര്‍ച്ചിനോട് ആവശ്യപ്പെട്ടിട്ടു. പൊതുജനാരോഗ്യ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് ഇത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.

സംഗീത നിശകള്‍ക്ക് സമാനമായ പരിപാടിയാണ് ഹില്‍സോംഗ് ചര്‍ച്ച് സംഘടിപ്പിച്ചത് എന്ന വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഹില്‍സോംഗ് ചര്‍ച്ച് നടത്തിയത് നിയമലംഘനമാണെങ്കിലും പിഴ ഈടാക്കില്ല എന്നാണ് NSW പൊലീസ് ആദ്യം അറിയിച്ചത്. പരിപാടിയുടെ സംഘാടകരുമായി പൊലീസ് സംസാരിക്കുമെന്നും, ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിര്‍ദ്ദേശിക്കുമെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

എന്നാൽ, NSW പ്രീമിയർ ഡൊമിനിക് പെരോറ്റെ ഉൾപ്പെടെയുള്ളവർ വ്യത്യസ്ത നിലപാടുമായി പിന്നീട് രംഗത്തെത്തി. ഹിൽസോംഗ് ചർച്ച് വ്യവസ്ഥകൾ ലംഘിച്ചു എന്ന  നിയമോപദേശമാണ് ആരോഗ്യമന്ത്രിക്ക് ലഭിച്ചിരിക്കുന്നതെന്ന് പ്രീമിയർ പറഞ്ഞു. നിയമലംഘനം നടത്തിയെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുമ്പോൾ, ഹിൽസോംഗിന് പിഴശിക്ഷ നൽകും എന്നാണ് “തന്റെ പ്രതീക്ഷ” എന്നും പ്രീമിയർ പറഞ്ഞു.

അതേസമയം, ഇത്തരത്തിൽ പരിപാടി നടത്തിയതിന് ഹിൽസോംഗ് ചർച്ച് മാപ്പു പറഞ്ഞു. പരിപാടി നടത്തിയതിൽ തെറ്റില്ല എന്ന് നേരത്തേ നിലപാടെടുത്തിരുന്ന ഹിൽസോംഗ്, ആ നിലപാട് ആവർത്തിച്ചതിനൊപ്പമാണ് മാപ്പു പറഞ്ഞതും. “സംസ്ഥാനത്തെ സുരക്ഷിതമാക്കാൻ തങ്ങൾ സഹായിക്കുന്നില്ല എന്ന പൊതുധാരണ ഉണ്ടായതിൽ സമൂഹത്തോട് മാപ്പു പറയുന്നു” എന്നാണ് ഹിൽസോംഗിന്റെ പുതിയ പ്രസ്താവന.

ക്യാംബിനെ സംഗീത നിശകളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും, മതപരമായ നിരവധി പരിപാടികളാണ് ഈ ക്യാംപില്‍ നടക്കുന്നതെന്നും ഹില്‍സോംഗ് വക്താവ് അറിയിച്ചു. ക്യാംപിലെ വളരെ ചെറിയ ഒരു പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ മാത്രമാണ് വിവാദമായിരിക്കുന്നതെന്നും ഹില്‍സോംഗ് അധികൃതര്‍ പറഞ്ഞു. റാപ്പിഡ് ആന്റിജന്‍ പരിശോധന ഉള്‍പ്പടെയുള്ള സുരക്ഷാ മുന്നൊരുക്കങ്ങളോടെയാണ് ക്യാംപ് നടക്കുന്നതെന്നും ഹില്‍സോംഗ് വക്താവ് പറഞ്ഞു.

അതേസമയം, ഈ വിഷയത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന ആരോപണവുമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

You might also like