ലോകായുക്ത ഓര്‍ഡിനന്‍സ്: പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട വിവാദത്തില്‍ താന്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എഴുതിത്തന്നാല്‍ ഓഫിസ് വഴി മറുപടി അറിയിക്കാമെന്ന നിലപാടിലാണ് ഗവര്‍ണര്‍. ജനുവരി 19ന് മന്ത്രിസഭാ യോഗം അംഗീകരിച്ച ഓര്‍ഡിനന്‍സിനെച്ചൊല്ലി ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്കേറ്റം കനക്കുമ്പോള്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും. നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല.
ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ഇന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ലോകായുക്തയുടെ പല്ലും നഖവും ഓടിച്ചുകളയുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. നിയമമന്ത്രിയുടെ മറുപടി വസ്തുതാവിരുദ്ധം, ഭരണഘടനാ വിരുദ്ധമെന്ന വാദം തെറ്റാണ്. ഒരു നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാനുള്ള അവകാശം കോടതിക്ക് മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.