സംഗീത ഇതിഹാസം ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി; ഒരുനോക്ക് കാണാൻ ഒഴുകിയെത്തി ജനസാഗരം

0



മുംബൈ: സംഗീത ഇതിഹാസം ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലത മങ്കേഷ്‌കറിന് അദ്ദേഹം പുഷ്പാഞ്ജലി അർപ്പിച്ചു. ലത മങ്കേഷ്‌കറിന്റെ കുടുംബവുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു. പ്രിയതാരത്തെ ഒരുനോക്ക് കാണാൻ ജനസാഗരമാണ് ഒഴുകിയെത്തുന്നത്. അതിനാൽ സംസ്‌കാര ചടങ്ങുകൾ വൈകാനാണ് സാദ്ധ്യത. ഇന്ന് രാവിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലത മങ്കേഷ്‌കറിന്റെ അന്ത്യം.

ആ ശബ്ദമാധുരിയിൽ അവസാനമായി പാടി റെക്കോർഡ് ചെയ്തത് ഗായത്രീ മന്ത്രമായിരുന്നു. 2018 ഡിസംബർ 12 ന് വിവാഹിതരായ മുകേഷ് അംബാനിയുടെ മകൾ ഇഷയെയും ആനന്ദ് പിരാമലിനെയും ആശിർവദിക്കാനായാണ് അവർ ഗായത്രീ മന്ത്രം റെക്കോർഡ് ചെയ്തത്. അനാരോഗ്യം കാരണം വിവാഹത്തിന് എത്താൻ സാധിക്കാത്തതിനാലാണ് അവർ ആശംസയായി ഗായത്രീമന്ത്രം റെക്കോർഡ് ചെയ്ത് വധൂവരന്മാർക്ക് നൽകിയത്.

നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയ പ്രമുഖരും ലത മങ്കേഷ്‌കറിനെ കാണാനെത്തി. ശിവാജി പാർക്കിൽ നടന്ന സംസ്‌കാര ചടങ്ങിൽ ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും പങ്കെടുത്തു. ഷാരൂഖിന് പുറമെ അമിതാഭ് ബച്ചൻ, സഞ്ജയ് ലീല ബൻസാലി, അനൂപം ഖേർ, ശ്രദ്ധ കപൂർ, തുടങ്ങിയ താരങ്ങളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

കൊറോണയും ന്യൂമോണിയയും ബാധിച്ച് ജനുവരി 8 മുതൽ ചികിത്സയിലായിരുന്നു. കൊറോണ മുക്തയായതിനെ തുടർന്ന് ആരോഗ്യം മെച്ചപ്പെട്ടിരുന്നെങ്കിലും നിരീക്ഷണത്തിൽ തുടരുന്നതിനിടെ നില വഷളായി. തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അനേകം ആളുകളാണ് അനുശോചനം രേഖപ്പെടുത്താനായി മുംബൈയിലെ വസതിയിലും ആശുപത്രിയിലും ശിവാജി പാർക്കിലും എത്തുന്നത്.

You might also like