ബജറ്റിൽ പ്രഖ്യാപിച്ച ഇ-പാസ്പോർട് വിതരണം ജൂലായ് മാസത്തോടെ; ടാറ്റ കൺസൾട്ടൻസി സർവീസസിന് കരാർ ലഭിച്ചു
ദില്ലി: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച ഇ-പാസ്പോർട് വിതരണം ജൂലായ് മാസത്തോടെ തുടങ്ങാനാവുമെന്ന് റിപ്പോർട്ട്. പാസ്പോർട് തയ്യാറാക്കാനാവശ്യമായ സാങ്കേതിക സേവനം ലഭ്യമാക്കാൻ രാജ്യത്തെ ഏറ്റവുംവലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് കരാർ ലഭിച്ചു.
ഒരു ദശാബ്ദത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് പാസ്പോർട് സേവാ പദ്ധതി(പിഎസ്പി)യുടെ രണ്ടാംഘട്ട പദ്ധതി നിർവഹണത്തിനും ടാറ്റ കൺസൾട്ടൻസി സർവീസസിനുതന്നെ അവസരം ലഭിക്കുന്നത്. 1,000-1,200 കോടി രൂപയാണ് കരാർ തുകയെന്നാണ് റിപ്പോർട്ടുകൾ.
ഇ-പാസ്പോർട്ടിനുള്ള സാങ്കേതിക സഹായമാകും ടിസിഎസ് നൽകുക. പാസ്പോർട്ട് ബുക്ക്ലെറ്റ് അച്ചടിക്കുന്നതുപോലുള്ള പ്രവർത്തനങ്ങൾ നിലവിലുള്ളതുപോലെ സർക്കാരിൽതന്നെ തുടരുമെന്നുമാണ് അറിയുന്നത്. ഈ വർഷം ജൂലായ്-ഓഗസ്റ്റ് മാസത്തോടെ ഇ-പാസ്പോർട്ട് വിതരണം ആരംഭിക്കാനാണ് പദ്ധതി. താലസ് ഇന്ത്യ, എച്ച്ബി തുടങ്ങിയ കമ്പനികളും കരാറിൽ പങ്കെടുത്തിരുന്നു. വിസ സ്റ്റാമ്പിങ് പോലുള്ളവ തുടരുന്നതിനാൽ കടലാസ് രഹിത പാസ്പോർട്ടായിരിക്കില്ല അവതരിപ്പിക്കുക. അതേസമയം, ഓട്ടോമേഷൻ നടപ്പാക്കുകയുംചെയ്യും. പാസ്പോർടിന്റെ കവറിൽ സുരക്ഷയുമായി ബന്ധപ്പെട്ട ഡാറ്റ എൻകോഡ് ചെയ്ത ചിപ്പ് ഘടിപ്പിച്ചായിരിക്കും ഇത് നടപ്പാക്കുക. നിലവിൽ വിവിധ രാജ്യങ്ങൾ ഇതിനകംതന്നെ ഇത്തരം പാസ്പോർട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്.